പീഡനക്കേസ് കുറ്റാരോപിതനായ കൗൺസിലർ യോഗത്തിനെത്തി; പ്രതിഷേധിച്ച് പ്രതിപക്ഷം
        കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ കോർപറേഷൻ കൗൺസിലർ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് സഹകരണ സംഘം ഓഫിസ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ പി.വി.കൃഷ്ണകുമാർ പങ്കെടുത്തത്. പീഡനക്കേസ് പ്രതിയായ കൗൺസിലർ യോഗത്തിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ കൗൺസിൽ ഹാളിൽ നിന്ന് കൃഷ്ണകുമാർ പുറത്തിറങ്ങി മേയറുടെ മുറിയിലേക്കു പോയി. കൗൺസിൽ തീർന്ന ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. കേസിൽ കുറ്റാരോപിതനായതോടെ കൃഷ്ണകുമാർ ഒളിവിലായിരുന്നു.
ഇക്കാലയളവിൽ ചേർന്ന കോർപറേഷന്റെ 5 കൗൺസിൽ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. കേസിൽ കീഴ്ക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് കൃഷ്ണകുമാർ ഇന്നലത്തെ കൗൺസിലിൽ പങ്കെടുക്കാനെത്തിയത്. അജൻഡയിലേക്കു കടന്നതോടെ സിപിഎം കൗൺസിൽ പാർട്ടി ലീഡർ എൻ.സുകന്യയാണ്, കൃഷ്ണകുമാർ കൗൺസിലിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചത്. പീഡനക്കേസിൽ ഉൾപ്പെട്ട കൗൺസിലറെ കൗൺസിലിൽ പങ്കെടുപ്പിക്കരുതെന്നും തുടർച്ചയായി 5 കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന കൃഷ്ണകുമാറിന് അയോഗ്യത കൽപ്പിക്കണമെന്നും സുകന്യ ആവശ്യപ്പെട്ടു.
കൃഷ്ണകുമാർ ആരോപണ വിധേയൻ മാത്രമാണെന്നും അദ്ദേഹം കൗൺസിലിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും മേയർ ടി.ഒ.മോഹനൻ പ്രതികരിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ ബഹളം വച്ചു. ഇതിനു പിന്നാലെ ഭരണപക്ഷവും രംഗത്തെത്തിയതോടെ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. ഇതിനിടെ, കൗൺസിലർ കൂടിയായ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കൗൺസിലിൽ നിന്ന് ഇറങ്ങി പോയി. ഇതിനു പിന്നാലെ കൃഷ്ണകുമാറും കൗൺസിൽ ഹാൾ വിട്ട് മേയറുടെ മുറിയിലേക്കു നീങ്ങി.
