കൗമാരക്കാരിയെ പീഡിപ്പിച്ച മാഹി സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍ : കൗമാരക്കാരിയെ മൂന്ന് വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച മാഹി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മാഹി സ്വദേശി ധ്യാന്‍ കൃഷ്‌ണയ്‌ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. എറണാകുളം ജില്ലക്കാരിയാണ് പരാതി നല്‍കിയ പെണ്‍കുട്ടി. കൂട്ടുകാരോടൊപ്പം കണ്ണൂരില്‍ വാടക വീട്ടില്‍ താമസിച്ച് ധര്‍മശാലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചുകൊണ്ടിരിക്കെ ഫേസ്ബുക്ക് വഴിയാണ് ധ്യാന്‍ കൃഷ്‌ണയെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. 2021 വരെ കണ്ണൂര്‍ ബക്കളത്തെ സ്നേഹ റിസോര്‍ട്ടില്‍ വെച്ചും സഹപാഠികള്‍ക്കൊപ്പം താമസിക്കുന്ന വാടകവീട്ടില്‍ വെച്ചും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തു.
യുവാവിൻ്റെ അമിത മദ്യപാനത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് 2022 ജൂലായ് 23 ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി.മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുമെന്നും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.