ഇന്ത്യയുടെ സ്വാതന്ത്ര്യം അസംഖ്യം മനുഷ്യരുടെ പോരാട്ടത്തിന്റെ ഫലം; പി. സന്തോഷ് കുമാർ എം.പി

പേരാവൂർ : ഇന്ത്യയുടെ സ്വാതന്ത്ര്യം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അസംഖ്യം മനുഷ്യരുടെ പോരാട്ടത്തിന്റെ ഫലമാണെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റുകാരും എന്ന വിഷയത്തിൽ പേരാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് മണത്തണയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ ലബ്ധിക്കായി നിരന്തരവും ഉജ്ജ്വലവുമായ പോരാട്ടമാണ് നടത്തിയത്. ഈ ചരിത്ര വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി എ. പ്രദീപൻ, എക്‌സി. അംഗം അഡ്വ. വി. ഷാജി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, ലോക്കൽ സെക്രട്ടറി വി. ഗീത എന്നിവർ സംസാരിച്ചു.