ഹെർണിയ ശസ്ത്രക്രിയയ്ക്ക് 5,000 രൂപ കൈക്കൂലി; ഗവ. ഡോക്ടർ അറസ്റ്റിൽ
ശസ്ത്രക്രിയ നടത്തിയതിന് കൈക്കൂലി വാങ്ങുന്നതിനിടെ ജനറൽ ആസ്പത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയതിന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്. രോഗിയുടെ മകനാണ് പരാതി നൽകിയത്.
15നു ഡോക്ടറുടെ വസതിയിൽ ചികിത്സ തേടിയെത്തിയ മുണ്ടക്കയം സ്വദേശിയോടു ഡോക്ടർ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ആസ്പപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തുന്നതിന് 2,000 രൂപ കൈക്കൂലിയായി കൈപ്പറ്റി. പിറ്റേന്ന് ഇയാളെ ആസ്പപത്രിയിൽ പ്രവേശിപ്പിച്ചു. 18ന് ശസ്ത്രക്രിയ നടത്തിയശേഷം പോസ്റ്റ് ഓപ്പറേഷൻ വാർഡിലാക്കി. പിന്നീടു രോഗിയുടെ മകനോട് ബാക്കി 3,000 രൂപ കൂടി ആവശ്യപ്പെട്ടു.
പരാതിയെത്തുടർന്ന് ഇന്നലെ വിജിലൻസ് സംഘം ഡോക്ടറുടെ കുന്നുംഭാഗത്തുള്ള വീട്ടിലെത്തി. വീടിനോടു ചേർന്നുള്ള പരിശോധനാ മുറിയിൽ 3,000 രൂപ വാങ്ങുന്നതിനിടയിലാണ് വിജിലൻസ് പിടികൂടിയത്. എസ്.പി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഡി.വൈ.എസ്.പി പി.വി. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
