ഓൺലൈൻ ലേണേഴ്സ് ടെസ്റ്റിന് ഇനി ആർ.ടി. ഓഫിസിൽ എത്തണം

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റ് ഇന്ന് മുതൽ ആർ.ടി ഓഫിസുകളിലും സബ് ആർ.ടി ഓഫിസുകളിലും നടക്കും. ഓഫിസുകളിലെത്തി ഓൺലൈൻ വഴിയാണ് പരീക്ഷയെഴുതേണ്ടത്. കോവിഡ് കാലത്ത് ലേണേഴ്സ് പരീക്ഷ ഓൺലൈൻ വഴിയാക്കിയിരുന്നു. ഇത് വ്യാപക ക്രമക്കേടിന് കാരണമായെന്ന് കണ്ടെത്തി.
ബംഗാളികൾ ഉൾപ്പെടെ ഇതരസംസ്ഥാന തൊഴിലാളികൾ ദിവസവും മലയാളത്തിൽ പരീക്ഷയെഴുതി പാസായി ലൈസൻസുകൾ നേടിയപ്പോഴാണ് ഇതിലെ കള്ളത്തരം പുറത്തുവന്നത്. പരീക്ഷയെഴുതുന്നവർക്ക് വരുന്ന ഒ.ടി.പി നമ്പർ ഡ്രൈവിങ് സ്കൂളുകൾക്ക് നൽകുകയും അവിടെ ഇവർക്ക് വേണ്ടി പരീക്ഷയെഴുതിയെന്നുമാണ് കണ്ടെത്തിയത്. തുടർന്നാണ് ഓഫിസുകളിലേക്ക് പരീക്ഷ മാറ്റുന്നതിന് തീരുമാനമായത്. സബ് ആർ.ടി ഓഫിസുകളിൽ 46– 60 പേർക്കും ആർ.ടി ഓഫിസുകളിൽ 90 പേർക്കും പരീക്ഷയെഴുതുന്നതിന് സംവിധാനമൊരുക്കും.