വെള്ളരിയുണ്ടോ? കുളിസോപ്പ് റെഡി

Share our post

കാസർകോട്: വെള്ളരിക്കകൊണ്ട് അഴകും മണവും പകരുന്ന ബാത്ത്‌ സോപ്പുണ്ടാക്കി പ്രശംസ നേടുകയാണ് കാസർകോട് പുത്തിഗെയിലെ മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ഹനീഫ ഹിംസാക്ക്. ആറു മാസം മുമ്പ് കുക്കുമിക്സ് എന്ന പേരിൽ വെള്ളരിസോപ്പ് നിർമ്മാണം തുടങ്ങിയ ഇദ്ദേഹം കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി അത് വിപുലമാക്കാനാണ് ശ്രമിക്കുന്നത്. മാർക്കറ്റിൽ സജീവമാകാൻ കൃഷിവകുപ്പിന്റെയും വ്യവസായ കേന്ദ്രത്തിന്റെയും സഹായത്തിനായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്കൂൾ അദ്ധ്യാപികയായ ഭാര്യ റെയ്‌ഹാനത്ത് ബീവിയും സഹായത്തിനുണ്ട്. എളുപ്പത്തിൽ അലിയാതിരിക്കാൻ കടലപ്പൊടികൂടി ചേർത്ത് കട്ടികൂട്ടുന്നതിന്റെ പരീക്ഷണത്തിലാണ് ഇപ്പോൾ.

വീടിനോടു ചേർന്നുള്ള ഷെഡ്ഡിലാണ് നിർമ്മാണം. വിദ്യാർത്ഥികളും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും അടക്കം വെള്ളരിസോപ്പിന്റെ ഗുണഭോക്താക്കളാണ്. കർഷകരിൽനിന്ന് നേരിട്ടാണ് വെള്ളരി ശേഖരിക്കുന്നത്. 15 ഹെക്‌ടറോളം വെള്ളരിക്കൃഷിയുള്ള പഞ്ചായത്താണ് പുത്തിഗെ. വിറ്റു പോകാത്തവ പെട്ടെന്ന് കേടാകുന്നതിനാൽ പലരും വെള്ളരിക്കൃഷി ഉപേക്ഷിച്ചു. വെള്ളരിക്കയ്ക്ക് ഇങ്ങനെയൊരു ഉപയോഗമുണ്ടെന്ന കണ്ടെത്തൽ അവർക്കും ആഹ്ളാദം പകരുന്നു. താരൻ അകറ്റാനും ചർമ്മ സംരക്ഷണത്തിനും ഏറെ ഫലപ്രദമാണ് വെള്ളരിസോപ്പെന്ന് ഹനീഫ അവകാശപ്പെടുന്നു.

ഒന്നര കിലോയിൽ 30 സോപ്പ്

ഒന്നര കിലോ വെള്ളരിയും ഒരു കിലോ ശുദ്ധ വെളിച്ചെണ്ണയും ഉണ്ടെങ്കിൽ 30 സോപ്പ് നിർമ്മിക്കാം. തൊലിയും കുരുവും കളഞ്ഞാണ് ഉപയോഗിക്കുന്നത്. അധികം പഴുക്കാത്തതാണ് ഉത്തമം. രാസപദാർത്ഥങ്ങളൊന്നും ചേർക്കേണ്ട. 30 രൂപ വിലയിട്ടാലും ലാഭം കിട്ടും.പുത്തിഗെ കൃഷി ഓഫീസർ ബി. എച്ച്. നഫീസത്ത്‌ ഹഷീനയാണ് വെള്ളരിയിൽ നിന്ന് സോപ്പുണ്ടാക്കാൻ ഹനീഫയെ പ്രേരിപ്പിച്ചത്. കെമിസ്ട്രി അദ്ധ്യാപകരായ അബ്ദുൽഖാദർ, മുഹമ്മദ് കുഞ്ഞി എന്നിവരുടെ സഹായവും തേടി. സൗന്ദര്യവർദ്ധക വസ്തുക്കൾ വെള്ളരിയിലും വെളിച്ചെണ്ണയിലും ഉണ്ടെന്നതായിരുന്നു പരീക്ഷണത്തിന് പ്രേരണ. വെള്ളരിക്കും വെളിച്ചെണ്ണയ്ക്കും പുറമെ ആൽക്കലി, പെർഫ്യൂം എന്നിവയും ഉപയോഗിക്കുന്നുണ്ട്. സോഡിയം സിലിക്കേറ്റ് ഒഴിവാക്കി. രാസവസ്തുക്കൾ ചേർക്കാതെ ഗുണനിലവാരമുള്ള സോപ്പുണ്ടാക്കാനാണ് നോക്കുന്നത്. ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ചേർത്ത സോപ്പുമിശ്രിതം ഒരു ദിവസം മുഴുവൻ വച്ചശേഷമാണ് പുറത്തെടുക്കുന്നത്”.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!