ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ് ശനിയാഴ്ചകൂടി

ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. സംസ്ഥാനത്തെ 3600ൽപ്പരം ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന രണ്ടു ലക്ഷത്തിൽപ്പരം ക്ഷീരകർഷകരുടെ ഡാറ്റാ ബേസ് തയാറാക്കുകയാണ് ഇതിലൂടെ ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ വഴിയാണ് കർഷകർ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.
അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയും ക്ഷീര വികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ അതായത് ഓഗസ്റ്റ് 20നുള്ളിൽത്തന്നെ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐ.ഡി കരസ്ഥമാക്കേണ്ടതാണെന്ന് വകുപ്പ് ഡയറക്ടർ അറിയിച്ചു.
ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമുള്ളത്.