നാടൻ വിത്തിനങ്ങളുമായി യുവകർഷകന്റെ ബൈക്ക് യാത്ര

Share our post

കണ്ണൂർ : തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരൻ അഞ്ചുവർഷമായി യാത്രയിലാണ്. വിനോദത്തിനോ സ്ഥലങ്ങൾ കാണാനോ വേണ്ടിയുള്ളതല്ല ഗ്രാമങ്ങൾ തേടി ബുള്ളറ്റിലുള്ള യാത്ര. സാഹസിക റൈഡുമല്ല. തന്റെ ശേഖരത്തിലുള്ള നാടൻവിത്തിനങ്ങൾ ഗ്രാമീണകർഷകർക്ക് കൈമാറി പകരം അപൂർവമായ വിത്തിനങ്ങൾ അവരിൽനിന്ന്‌ ശേഖരിക്കുന്നതിനായാണ് ഇൗ സഞ്ചാരം. ഇൗ കർഷകദിനത്തിൽ കേരളത്തിലായിരുന്നു ഇദ്ദേഹം.

വയനാട്, കണ്ണൂർ ജില്ലകൾ പിന്നിട്ട് കാസർകോട് ജില്ലയിലൂടെയുള്ള ഒരപൂർവയാത്ര. ജൈവകർഷകരെ കണ്ടെത്തി കൈവശമുള്ള നാടൻവിത്തിനങ്ങൾ സൗജന്യമായി കൈമാറുക. അവരിൽനിന്ന്‌ തന്റെ കൈവശമില്ലാത്ത വിത്തിനങ്ങൾ ശേഖരിക്കുക. ഇത് ആവശ്യക്കാർക്ക് വിതരണം ചെയ്യുക.

ഇതാണ് അരുണിന്റെ ‘ബാർട്ടർ’ രീതി. ഇന്ത്യ മുഴുവൻ സന്ദർശിച്ച് രണ്ടായിരത്തിൽപരം വിത്തുകൾ ശേഖരിക്കുക-ഇതാണ് ലക്ഷ്യം. ‘വിത്തിനങ്ങളുടെ അംബാസഡർ’ എന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂർ പഞ്ഞിക്കയിൽ ‘കുട്ടീസി’ൽ പള്ളിവളപ്പിൽ നിസാമുദ്ദീന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം അരുൺ. നാടൻവിത്തിനങ്ങൾ ശീതീകരിച്ച് സൂക്ഷിച്ച്, വാട്സാപ്പ് വഴി പരിചയപ്പെടുന്ന ആവശ്യക്കാർക്ക് സൗജന്യമായി തപാൽമാർഗം അയച്ചുകൊടുക്കുന്നയാളാണ് നിസാമുദ്ദീൻ.

ഇനം തക്കാളി, 35 ഇനം ചുരയ്ക്ക

2017-ലാണ് അരുൺ ഒറ്റയാൾയാത്രയ്ക്ക് തുടക്കമിട്ടത്. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ യാത്ര ചെയ്തത് നാലുവർഷമെടുത്ത്. താണ്ടിയത് 70,000 കിലോമീറ്റർ. കേരളത്തിലേക്കെത്തുന്നത് ഇതാദ്യം. ഇത്തവണ ഭാരതയാത്രയാണ് ലക്ഷ്യം. കഴിഞ്ഞ ജൂലായ് 13-നാണ് ജന്മനാട്ടിൽനിന്ന് യാത്ര തുടങ്ങിയത്. 500-ല്പരം നാടൻ പച്ചക്കറിവിത്തിനങ്ങളാണ് അരുണിന്റെ ശേഖരത്തിലുള്ളത്. എല്ലാം നാട്ടിലെ കൃഷിയിടത്തിൽ കുടുംബത്തോടൊപ്പം വിളയിച്ചെടുത്തവ. 35 ഇനം ചുരയ്ക്കയുടെയും 30 ഇനം തക്കാളിയുടെയും വിത്തുകൾ ശേഖരത്തിലുണ്ട്. മിക്ക പച്ചക്കറികളുടെയും പത്തിലേറെ ഇനങ്ങളുമുണ്ട് കൂട്ടത്തിൽ. ഇവ ഭദ്രമായി പാക്ക് ചെയ്ത് ബൈക്കിന്റെ പിറകിൽ സൂക്ഷിച്ചാണ് യാത്ര. പച്ചക്കറി കർഷക ഗ്രൂപ്പുകളിലൂടെയും കർഷക വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ആവശ്യക്കാരെയും വിത്ത് ശേഖരിക്കുന്നവരെയും കണ്ടെത്തുന്നത്. രാത്രി മിക്കപ്പോഴും പരിചയപ്പെടുന്ന കർഷകരുടെ ആതിഥ്യം സ്വീകരിക്കാറാണ് പതിവ്. കേരളത്തിലെ കർഷകർ കൃഷിയോട് ഏറെ ആഭിമുഖ്യമുള്ളവരാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. വാഹനത്തിന്റെ ഇന്ധനച്ചെലവ് പലപ്പോഴും ഇത്തരക്കാരാണ് സ്നേഹപൂർവം വഹിക്കുന്നതെന്നും അരുൺ പറയുന്നു. കാസർകോട്ടുനിന്ന് കർണാടക വഴി മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ… ഇങ്ങനെയാണ് യാത്രാപ്ലാൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!