വാതിൽപ്പടി സേവനം വ്യാപിപ്പിക്കാൻ സന്നദ്ധ സേന

Share our post

കണ്ണൂർ: കേരളത്തിൽ വാതിൽപ്പടി സേവനം കൂടുതൽ പേരിൽ എത്തിക്കാൻ സന്നദ്ധ സേനയെ സജ്ജമാക്കുമെന്ന്
തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ പുറത്തിറക്കിയ വയോജന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ സേനയെ സജ്ജമാക്കാൻ വാർഡ് കൗൺസിലർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ വളണ്ടിയർമാർ എന്നിവരുടെ സഹായം തേടും. ഇതിന്റെ ആദ്യഘട്ടം നടപ്പാക്കി വരികയാണ്. വയോജനങ്ങളുടെ വിശ്രമ ജീവിതം ആനന്ദകരമാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നുണ്ട്. വയോജനങ്ങളെ ആഹ്ലാദകരമായ ജീവിതത്തിലേക്ക് നയിക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയോജന ക്ഷേമ പ്രവർത്തനങ്ങളും വാതിൽപ്പടി സേവനവും സുഗമമായി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നഗരസഭ മുഴുവൻ വാർഡുകളിലെയും വയോജനങ്ങളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം പുറത്തിറങ്ങിയത്. കൗൺസിലർമാർ, കൂത്തുപറമ്പ് ഇ.എം.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ, വാർഡിലെ സന്നദ്ധ വളണ്ടിയർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പുസ്തകം തയ്യാറാക്കിയത്. നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ  കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ,  വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. രജീഷ്, ലിജി സജേഷ്, കെ.കെ. ഷമീർ, കെ. അജിത, എം.വി. ശ്രീജ, നഗരസഭാ സെക്രട്ടറി കെ കെ സജിത്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!