23,518 പേരുമായി റാങ്ക് ലിസ്റ്റ്; എൽ.ഡി.സി നിയമനം ഒരു മാസത്തിനകം

വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 11,968, സപ്ലിമെന്ററി ലിസ്റ്റിൽ 10,553, ഭിന്നശേഷി ലിസ്റ്റിൽ 997 ഉൾപ്പെടെ 23,518 പേരാണ് 14 ജില്ലയിലുമായി ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിൽ–2596. കുറവ് വയനാട് ജില്ലയിൽ–678. മുൻ റാങ്ക് ലിസ്റ്റിൽ 36783 പേരാണ് ഉണ്ടായിരുന്നത്. ഇത്തവണ 13,265 പേർ കുറഞ്ഞു. 1300ലധികം ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം നിയമന ശുപാർശ തയാറാക്കും.
എൽ.ഡി.സി ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 45 ദിവസത്തിനകം അപേക്ഷിക്കാം.
പുനഃപരിശോധനയ്ക്ക് 85 രൂപയാണ് ഫീസ്. ഇത് 0051-PSC-105 State PSC 99- Examination Fee എന്ന അക്കൗണ്ട് ഹെഡിൽ ട്രഷറിയിൽ അടച്ച ഒറിജിനൽ ചെലാൻ രസീത് സഹിതം അപേക്ഷിക്കണം. ഫോട്ടോ കോപ്പിക്ക് 335 രൂപയാണ് ഫീസ്. ഇതു ട്രഷറിയിൽ അടയ്ക്കേണ്ട അക്കൗണ്ട് ഹെഡ് 0051-PSC-800-State PSC 99- Other Receipts. അപേക്ഷ ബന്ധപ്പെട്ട ജില്ലാ ഓഫിസർക്ക് അയയ്ക്കണം.
റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥിയുടെ പേരിനു നേരെ രേഖപ്പെടുത്തിയ ജാതി/സമുദായത്തിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ തിരുത്തൽ വരുത്താൻ ഒരു മാസത്തിനകം അപേക്ഷ നൽകണം. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ ജാതി/സമുദായത്തിന്റെയും ഹാജരാക്കിയ രേഖയുടെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒരു മാസത്തിനകം ജില്ലാ ഓഫിസർക്ക് അപേക്ഷ നൽകണം.