മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് സന്തോഷവാർത്ത; ഇഷ്ടമത്സ്യം പിടിച്ച ഉടൻ പാകം ചെയ്ത് കഴിക്കാം
        കണ്ണൂർ : മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് സന്തോഷവാർത്ത; നിങ്ങൾക്ക് പ്രിയപ്പെട്ട മീൻ തിരഞ്ഞെടുത്ത് പാകംചെയ്ത് ചൂടാറും മുൻപ് കഴിക്കാൻ പുഴയുടെ മധ്യത്തിൽ ഒരിടം വരുന്നു.
പിണറായിയിൽ, അഞ്ചരക്കണ്ടി പുഴയിൽ അക്വാ ടൂറിസത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വെള്ളത്തിനുമുകളിൽ ഭക്ഷണശാല ഒരുക്കുന്നത്. വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്നതിനാണ് ഫ്ലോട്ടിങ് റസ്റ്റോറന്റ് ഒരുക്കുന്നത്. പുഴയുടെ മധ്യത്തിൽ ആഴം കുറഞ്ഞ ഭാഗത്ത് ഒരുക്കുന്ന റസ്റ്റോറന്റിലേക്ക് പ്രത്യേകമായി നിർമിക്കുന്ന നടപ്പാതവഴിയും ചെറിയ തോണി തുഴഞ്ഞും എത്താം.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷികപദ്ധതിയിൽ രണ്ട് ഫ്ലോട്ടിങ് റസ്റ്റോറന്റുകൾ ഒരുക്കുന്നതിനാണ് നിർദേശം. മറ്റൊരെണ്ണം എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടിപ്പുഴയിൽ ആരംഭിക്കുന്ന കൂടുമത്സ്യക്കൃഷിയുമായി ബന്ധപ്പെടുത്തിയാണ് റസ്റ്റോറന്റ് തുടങ്ങുക. അവിടെ വളർത്തുന്ന മത്സ്യങ്ങളിൽ ഏത് വേണമെങ്കിലും ആവശ്യപ്പെട്ട ഉടനെ ഇഷ്ടമുള്ള വിഭവമാക്കിക്കിട്ടുന്ന രീതിയിലാണ് ഭക്ഷണശാല ആസൂത്രണം ചെയ്യുക. വളർത്തുന്ന മത്സ്യങ്ങൾ നിശ്ചിതസമയത്ത് വിറ്റുതീർക്കാൻ സാധിക്കാത്ത പ്രശ്നത്തിനും ഇത് പരിഹാരമാകും.
മത്സ്യങ്ങൾക്ക് പുറമെ, ഞണ്ട്, കല്ലുമ്മക്കായ, ഇളമ്പക്ക എന്നിവയുടെ വിഭവങ്ങളും കിട്ടും. ഇതോടൊപ്പം കപ്പ ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങളും. കായൽ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുകുന്ന റസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിൽ ഇല്ല. റസ്റ്റോറന്റിന് അടിസ്ഥാനസൗകര്യങ്ങൾ ജില്ലാപഞ്ചായത്ത് ഒരുക്കിക്കൊടുക്കും. നടത്തിപ്പിനുള്ള അവകാശം ലേലംചെയ്ത് കൊടുക്കും.
