കാടിറങ്ങുന്ന ഭീഷണി തടയാൻ പ്രതിരോധ കവചം

Share our post

ഇരിട്ടി : ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല എന്നിവിടങ്ങളിൽ കാട്ടാനകളെ പ്രതിരോധിക്കാനുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ പദ്ധതി തയ്യാറാകുന്നു. നിലവിലെ ആനമതിൽ ബലപ്പെടുത്തി ഉയരംകൂട്ടും. മതിലിനോട്‌ ചേർന്ന്‌ ഉൾവശത്തെ വന്യജീവി സങ്കേതത്തിൽ 10.2 കിലോമീറ്ററിൽ സോളാർ തൂക്കുവേലി സ്ഥാപിക്കും. 

പ്രതിരോധ മാർഗങ്ങളുടെ എസ്‌റ്റിമേറ്റും പ്ലാനും തയ്യാറാക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം ഫാം സന്ദർശിച്ചു. വനം, പൊതുമരാമത്ത്, ടി.ആർ.ഡി.എം നേതൃത്വത്തിലായിരുന്നു പരിശോധന.  

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി കലക്ടർക്ക്‌ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം അസി.എക്‌സിക്യൂട്ടിവ് എൻജിനിയർ വിഷ്ണുദാസ്, ഇരിട്ടി സെക്ഷൻ കെട്ടിട നിർമാണ വിഭാഗം ഓവർസിയർമാരായ കെ.സി. വിപിൻ, എം. പ്രസാദ്, ആറളം ഫാം പുനരധിവാസ മിഷൻ മാനേജർ കെ.വി. അനൂപ്, കൊട്ടിയൂർ വനം റെയിഞ്ചർ സുധീർ നരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ്‌ ലൈ ഫ് വാർഡൻ പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയാരംഭിച്ചത്‌. വളയംചാൽ മുതൽ പൊട്ടിച്ചപാറവരെ 10.2 കിലോമീറ്റർ ദൂരത്ത് നിലവിലുള്ള മതിലിന്റെ പൊട്ടിയ ഭാഗവും ഉയരംകൂട്ടേണ്ട സ്ഥലങ്ങളും രേഖപ്പെടുത്തി. മതിൽ ബലപ്പെടുത്തിയശേഷം ഫാം അതിർത്തിയിൽ മണ്ണിട്ട് ഉയർത്തണമെന്ന നിർദേശമുണ്ടായി. 

ഈഭാഗത്ത്‌ വന്യമൃഗങ്ങളെ നിരീക്ഷിക്കാനും സ്ഥിര പരിശോധനക്കും പ്രത്യേക സഞ്ചാരപാതയും നിർമിക്കാനും നിർദേശമുണ്ട്‌. രണ്ടാഴ്ചക്കകം എസ്റ്റിമേറ്റ്‌ സമർപ്പിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!