ഉരുൾപൊട്ടലിൽ പ്രത്യേക പാക്കേജാവശ്യപ്പെട്ട് സി.പി.എം.ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്കി
പേരാവൂർ: ഉരുൾപൊട്ടൽ ബാധിത മേഖലകളിലെ നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മറ്റു മന്ത്രിമാർക്കും നിവേദനം നല്കി.
ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ ഡോ.വി.ശിവദാസൻ എം.പി, കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, സി.പി.എം. പേരാവൂർ ഏരിയാ സെക്രട്ടറി അഡ്വ.എം. രാജൻ, കർഷക സംഘം പേരാവൂർ ഏരിയാ സെക്രട്ടറി എം.എസ്. വാസുദേവൻ, കണിച്ചാർ പഞ്ചായത്തംഗം ജിമ്മി എബ്രഹാം, സി.പി.എം. കൊളക്കാട് ലോക്കൽ സെക്രട്ടറി സി.സി. സന്തോഷ്, എസ്.എഫ്.ഐ മുൻ നേതാവ് എം.കെ. സന്ദീപ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
മുഖ്യമന്ത്രിയെക്കൂടാതെ റവന്യൂ മന്ത്രി കെ. രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, വ്യവസായ വകുപ്പ് മന്ത്രി എം. രാജീവ്, ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർക്കാണ് നിവേദനം നല്കിയത്.
അനുകൂല നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉറപ്പ് നല്കിയതായി കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.
കോളയാട്, പേരാവൂർ, കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് നിവേദക സംഘത്തിന്റെ പ്രധാന ആവശ്യം.
