നിടുംപൊയിൽ ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരും

Share our post

നിടുംപൊയിൽ : നിടുംപൊയിൽ-മാനന്തവാടി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലെ തടസ്സങ്ങൾ നീക്കിയെങ്കിലും അപകടസാധ്യത ഏറെയുള്ളതിനാൽ ചുരം റോഡിലെ ഗതാഗത നിയന്ത്രണം നീക്കിയില്ല. റോഡ് ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ ഗതാഗത നിയന്ത്രണം തുടരുകയാണെന്ന് പി.ഡബ്ല്യു.ഡി. കൂത്തുപറമ്പ് സെക്‌ഷൻ അസി. എൻജിനിയർ വി.വി.പ്രസാദ് പറഞ്ഞു.

വലിയ വാഹനങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇതിലേ കടത്തിവിടാനാവില്ല. താത്‌കാലിക പുനർനിർമാണ പ്രവർത്തനങ്ങളെങ്കിലും വേണ്ടിവരും. സമീപപ്രദേശങ്ങളിലുള്ളവരുടെ ചെറുവാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ഈ റോഡിൽ രാത്രി ഏഴുമുതൽ രാവിലെ ആറുവരെ ഒരു വാഹനങ്ങളും കടന്നുപോകരുത്.

മാനന്തവാടിയിലേക്കുള്ള യാത്രാവാഹനങ്ങൾ പാൽച്ചുരംവഴി പോകണമെന്നും അദ്ദേഹം പറഞ്ഞു. മഴ കനത്തുപെയ്യുന്നതോടെ നിടുംപൊയിൽ ചുരം റോഡിൽ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശങ്ങളിൽ റോഡിനുകുറുകെ തോടുപോലെ വെള്ളമൊഴുകുന്നത് ഇപ്പോഴും തുടരുകയാണ്.

ഉരുൾപൊട്ടി രൂപപ്പെട്ട തോടുകളാണ് ചുരം റോഡിൽ 26-ാം മൈൽ, 27-ാം മൈൽ എന്നിവിടങ്ങളിൽ റോഡിനുകുറുകെ ഒഴുകുന്നത്. വ്യാഴാഴ്ച വൈകീട്ടുമുതൽ നിടുംപൊയിൽ ചുരംവഴിയുള്ള ഗതാഗതം പോലീസ് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം നീക്കിയിട്ടില്ല. ഉരുൾപ്പൊട്ടി ഗതാഗതം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞദിവസം ഭാഗികമായി ഗതാഗതയോഗ്യമാക്കിയിരുന്നു.

എന്നാൽ മഴ വീണ്ടും ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധനം. ചെറുവാഹനങ്ങൾ പാൽച്ചുരംവഴിയും ചരക്ക് വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി ചുരം വഴിയും പോകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!