പെരുമാറ്റം മാന്യമല്ലെങ്കിൽ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി
ഓഫീസിലെത്തുന്ന ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. മോശമായി പെരുമാറിയാൽ ആദ്യം താക്കീതു നൽകും. തുടർന്ന്, അച്ചടക്കനടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തെക്കൻമേഖല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾപരിസരം ശുചിത്വമുള്ളതാണെന്ന് ഉറപ്പാക്കണം. പി.ടി.എ. നിലവിലില്ലാത്ത സ്കൂളുകളിൽ അവ രൂപവത്കരിക്കണം. സ്കൂൾവാഹനങ്ങൾ നിരന്തരമായി പരിശോധിക്കണം. സ്കൂളുകൾക്കു സമീപം കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടെന്നറിഞ്ഞാൽ ഉടൻ പോലീസിനെയും എക്സൈസിനെയും അറിയിക്കണം -മന്ത്രി നിർദേശിച്ചു.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എന്നിവരും സംസാരിച്ചു.
