താലൂക്കാസ്പത്രി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കൽ വൈകുന്നതിന് പിന്നിൽ റവന്യൂ വകുപ്പെന്ന് ആരോപണം

Share our post

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകാൻ കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണം. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആസ്പത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നതാണ് കേസും നിർമാണം തടസ്സപ്പെടുത്തലുമെല്ലാം ഉണ്ടാകുന്നതിനു പിന്നിലെന്നാണ് ആക്ഷേപമുയരുന്നത്.

ജില്ലാ സർവേയർ അളന്ന് തിട്ടപ്പെടുത്തി വില്ലേജ് ഓഫീസിലെ ഫീൽഡ് മെഷർമെന്റ് ബുക്കിലെ പ്ലാനുമായി ഒത്തുനോക്കി അതിരുകൾ നിർണയിച്ച സ്ഥലം ആരോഗ്യവകുപ്പിന്മാർക്ക് ചെയ്ത് നല്‌കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാൽ, ബ്ലോക്ക് പഞ്ചായത്തുമായി അതിര് പങ്കിടുന്ന ഭാഗത്ത് ഏകദേശം 35 മീറ്ററോളം നീളത്തിൽ അതിരുകല്ലുകൾ സ്ഥാപിക്കാത്തതാണ് കഴിഞ്ഞ ദിവസം പ്രശ്‌നങ്ങൾക്കിടയാക്കിയത്.

മുൻപ് ഹൈക്കോടതിയെ സമീപിച്ച വ്യക്തികൾ നല്കിയ ഹർജിയിൽ അതിർ പ്രശ്‌നമായിരുന്നില്ല ചൂണ്ടിക്കാട്ടിയത്. വീടുകളിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാൺ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ആസ്പത്രി ഭൂമിയിലൂടെ പൊതു വഴികളില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും എതിർ സത്യവാങ്ങ് മൂലം നല്കിയതോടെ വ്യക്തികൾ സമ്പാദിച്ച സ്റ്റേ ഹൈക്കോടതി തന്നെ നീക്കുകയും ചെയ്തിരുന്നു.

അതേസമയം, വ്യക്തികൾ നല്കിയതിന് സമാനമായ ആരോപണമുന്നയിച്ച് ആസ്പത്രി വികസന സമിതിയിലെ 11 അംഗങ്ങൾ ഒപ്പിട്ട കത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നല്കിയിട്ടുണ്ട്. അതിർത്തി മാർക്ക് ചെയ്ത ശേഷം ആസ്പത്രി സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് ”ഒതുക്കി” സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കെ. ശശീന്ദ്രൻ മാസ്റ്റർ (സി.പി.എം), കെ. ജയപ്രകാശ് (ബി.ജെ.പി), പൂക്കോത്ത് അബൂബക്കർ (കോൺഗ്രസ്), ജോസഫ് കോക്കാട്ട് (കേ.കോൺ.(ബി)), എസ്.എം.കെ. മുഹമ്മദലി (ജനപക്ഷം), പി.എസ്. മാത്യു (കേ.കോൺ.(ജെ)), ജോഷി തോമസ് മഞ്ഞപ്പള്ളി (കേ.കോൺ. (മാണി)), എ.കെ. ഇബ്രാഹിം (എൽ.ജെ.ഡി), കെ. വിനോദ്കുമാർ (സി.പി.എം), ടി.പി. പവിത്രൻ എൻ.സി.പി), അരിപ്പയിൽ മുഹമ്മദ് ഹാജി (ലീഗ്) എന്നിവരാണ് ബ്ലോക്ക് പ്രസിഡന്റിന് കത്ത് നല്കിയത്. എന്നാൽ, സി.പി.ഐ പ്രതിനിധി കത്തിൽ ഒപ്പിട്ടിട്ടില്ല.

ആസ്പത്രി വിഷയത്തിൽ സി.പി.എം പേരാവൂർ ഏരിയാക്കമ്മറ്റിയിൽ ഭിന്നതയുണ്ടെന്നാണ് കത്തിൽ ഏരിയാക്കമ്മറ്റിയംഗമടക്കം രണ്ട് സി.പി.എം പ്രതിനിധികൾ ഒപ്പിട്ടതോടെ പുറത്ത് വന്നതെന്ന് ആസ്പത്രി വികസന സമിതി ആരോപിക്കുന്നു. അതിരുകല്ലുകൾ സ്ഥാപിച്ച ശേഷം ആസ്പത്രി ഭൂമിയിൽ പ്ലാന്റ് സ്ഥാപിക്കുന്നത് പുന:രാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുൻപ് തീരുമാനിച്ച സ്ഥലത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!