ആധാർ കാർഡും വോട്ടർ ഐ.ഡി.യും തമ്മിൽ ബന്ധിപ്പിക്കുന്നതെന്തിന്? അറിയേണ്ടതെല്ലാം

Share our post

ന്യൂഡൽഹി: ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ പ്രചാരണം നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലും ത്രിപുരയിലും ഇന്നുമുതൽ പ്രചാരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. സുതാര്യവും കൃത്യവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത്. 

വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് ഭേദഗതി നിയമം 2021 ഡിസംബറിലായിരുന്നു പാസായത്. ഇതിനെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. പുതിയ നിയമത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് റൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തോട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ എല്ലാ സമ്മതിദായകരും സഹകരിക്കണം. വോട്ടർമാരുടെ ആധാർ നമ്പർ വോട്ടർ പട്ടികയിലോ വോട്ടേഴ്‌സ് സ്ലിപ്പിലോ പ്രസിദ്ധീകരിക്കില്ല. ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡുമായി ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞാൽ വോട്ടർ പട്ടികയിൽ ഉണ്ടാവുന്ന തെറ്റുകൾ പൂർണമായും ഒഴിവാക്കാൻ സാധിക്കും.

പ്രചാരണത്തിന്റെ ഭാഗമായാണ് ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുന്നത്. വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനും വോട്ടർ പട്ടികയിലെ എൻട്രികളുടെ ആധികാരികത ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് മഹാരാഷ്ട്ര ചീഫ് ഇലക്ട്രൽ ഓഫീസർ ശ്രീകാന്ത് ദേശ്‌പാണ്ഡെ പറഞ്ഞു. ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം നിയോജകമണ്ഡലങ്ങളിലോ ഒന്നിലധികം തവണയോ രജിസ്റ്റ‌ർ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനായി സഹായിക്കുമെന്നും ശ്രീകാന്ത് ദേശ്‌പാണ്ഡെ കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!