താലൂക്കാസ്പത്രി സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു
പേരാവൂർ: വ്യക്തികൾ നല്കിയ സ്റ്റേ ഹൈക്കോടതി നീക്കിയതോടെ പേരാവൂർ താലൂക്കാസപ്ത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ആസ്പത്രിയിലെ താത്കാലിക ഫാർമസിക്ക് സമീപത്തായാണ് ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്.
2022 ഏപ്രിൽ ആറിനാണ് പേരാവൂരിൽ ഓക്‌സിജൻ പ്ലാന്റ് ലഭിക്കുന്നത്.പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കങ്ങൾക്കൊടുവിൽ ജൂൺ 30-ന് പ്രവൃത്തി ആരംഭിച്ചെങ്കിലും സമീപവാസികളിൽ ചിലർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇത് വിവാദമാവുകയും പേരാവൂരിലെത്തിയ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഇടപെടൽ മൂലം ആരോഗ്യവകുപ്പ് ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകുകയും ആസ്പത്രി സ്ഥലത്തു കൂടി പൊതുവഴികൾ ഒന്നുമില്ലെന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതോടെ ഹൈക്കോടതി തന്നെ അനുവദിച്ച താത്കാലിക സ്റ്റേ ഹൈക്കോടതി തന്നെ നീക്കം ചെയ്യുകയുമായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി 60 ദിവസങ്ങൾ കൊണ്ട് പൂർത്തിയാകുമെന്ന് സർക്കാർ ഏജൻസിയായ നിർമിതിയിൽ നിന്ന് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പറഞ്ഞു.
