വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്‌സര പ്രസിഡന്റ്, ദേവസ്യ മേച്ചേരി ജന. സെക്രട്ടറി
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്‌സരയെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ നാല് വോട്ടിനാണ് രാജു അപ്സര തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങാമല രാമചന്ദ്രനെ പരാജയപ്പെടുത്തിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവും 32 വർഷം പ്രസിഡന്റുമായിരുന്ന ടി. നസിറുദ്ദീന്റെ നിര്യാണ ശേഷം നടന്ന ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പാണിത്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു രാജു അപ്‌സര.
കലൂരിലെ റിനൈ ഇവന്റ് ഹബ്ബിൽ രാവിലെ 10.30-ന് ആരംഭിച്ച വോട്ടെടുപ്പിൽ 440 പേർ വോട്ടുചെയ്തു. സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാകാത്ത പാലക്കാട് ജില്ലയ്ക്ക് ഇക്കുറി വോട്ടവകാശം ഉണ്ടായിരുന്നില്ല.
രാജു അപ്‌സരയുടെ നേതൃത്വത്തിൽ കൂടിയ യോഗം സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. കുഞ്ഞാവു ഹാജി (വർക്കിങ് പ്രസിഡന്റ്), ദേവസ്യ മേച്ചേരി (ജന. സെക്രട്ടറി), എം.കെ. തോമസ് കുട്ടി (ട്രഷറർ), പെരിങ്ങാമല രാമചന്ദ്രൻ, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, അബ്ദുൾ ഹമീദ് (വൈസ് പ്രസി.), കെ.കെ. വാസുദേവൻ, എസ്. ദേവരാജൻ, സണ്ണി പയ്യമ്പിള്ളി, ബാപ്പു ഹാജി (സെക്രട്ടറിമാർ), അഹമ്മദ് ഷരീഫ് (കാസർകോട്), വി. സബിൻ രാജ് (ആലപ്പുഴ), അഡ്വ. എ.ജെ. റിയാസ് (എറണാകുളം) എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
