സൂക്ഷിക്കണം! വെബ്സൈറ്റുകളിൽ ഉണ്ടാവാം ചില കെണികൾ

പരീക്ഷാഫലം അറിയാനോ ജോലി അല്ലെങ്കിൽ മറ്റെന്തെങ്കിലും അത്യാവശ്യവിവരങ്ങൾ തിരയാനോ ഫോണിൽ വെബ്‌സൈറ്റുകൾ തേടുന്നവർ സൂക്ഷിക്കുക.
ചിലതിൽ കെണിയുണ്ടെന്ന് സൈബർ സെൽ വെളിപ്പെടുത്തുന്നു. കെണിയിൽപ്പെടുന്നവരിൽ അധികവും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ഉടമപോലും അറിയാതെ ചില ആപ്പുകൾ ഫോണിൽ സ്ഥാപിച്ചാണ് കെണിയൊരുക്കുന്നത്. എളുപ്പം പണം ലഭിക്കുമെന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകൾ ആകർഷിക്കപ്പെടാനുള്ള മുഖ്യകാരണങ്ങളിലൊന്ന്.
പണമെടുത്താലും ഇല്ലെങ്കിലും കെണിയിലാകും എന്നതാണ് തട്ടിപ്പിന്റെ രീതി. ചാത്തിനാംകുളം സ്വദേശിയായ യുവതിയാണ് ഏറ്റവും ഒടുവിൽ ഇവരുടെ കെണിയിൽപ്പെട്ടത്. ലോണെടുത്ത 5000 രൂപ തിരിച്ചടയ്ക്കണമെന്നാണ് ഇവരുടെ ഫോണിൽ സന്ദേശം ലഭിച്ചത്.
യുവതിയുടെ ഫോണിൽനിന്ന് കൈവശപ്പെടുത്തിയ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ മറ്റുള്ളവർക്കിടയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പലർക്കും യുവതിയുടെ ഫോട്ടോ ഉൾപ്പെടുത്തി സന്ദേശം ലഭിച്ചതോടെയാണ് പരാതിയുമായി കൊല്ലം ഈസ്റ്റ് പോലീസിനെയും സൈബർ സെല്ലിനെയും സമീപിച്ചത്.