ലൂസായി കൊണ്ടുവന്ന ശേഷം പൊതിഞ്ഞു നൽകുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ല

Share our post

തിരുവനന്തപുരം : ലൂസായി കൊണ്ടുവന്നശേഷം പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു നൽകുന്ന ഭക്ഷ്യ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നോ രണ്ടോ കിലോയായി ഇത്തരത്തിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് നികുതി ഈടാക്കില്ല. ബ്രാൻഡഡ് ആയി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് നേരത്തെതന്നെ നികുതിയുണ്ടെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഉൽപാദകരും പായ്ക്ക് ചെയ്തു വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങള്‍ക്ക് 5% ജി.എസ്.ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി നിരക്ക് വർധന സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ വിശദീകരണം ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി ധനമന്ത്രി പറഞ്ഞു.

ലൂസായി കടകളിൽ കൊണ്ടുവന്ന് പൊതിഞ്ഞു വിൽക്കുന്ന സാധനങ്ങൾക്ക് നികുതിയില്ലെന്നാണ് വിശദീകരണത്തിൽ ഒരിടത്ത് പറയുന്നത്. എന്നാൽ, വിശദീകരണത്തിലെ എട്ടാമത്തെ പോയിന്റായി പറയുന്നത്, ഇങ്ങനെ വിൽക്കുമ്പോൾ അളവുതൂക്ക നിയമം ബാധകമാണെന്നാണ്. ലേബലില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊടുത്താലും ബ്രാൻഡിന്റെ പരിധിയിൽ വരുമെന്നാണ് അളവുതൂക്ക നിയമത്തിൽ പറയുന്നത്. ബ്രാൻഡിന്റെ പരിധിയിൽ വന്നാൽ നികുതി ഈടാക്കാനാകും. അവിടെയാണ് ആശയക്കുഴപ്പം ഉള്ളത്. അക്കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ നിർദേശങ്ങൾ ചിലർ ദുരുപയോഗം ചെയ്തു നികുതി ഈടാക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാൽ ജനങ്ങൾക്ക് പരാതിപ്പെടാം. സംസ്ഥാനത്ത് ഒന്നര കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള 50,000 കടകളുണ്ട്. ലൂസായി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കാൻ ഇവർക്ക് കഴിയില്ല. 40 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള കടകൾക്ക് സംസ്ഥാനത്ത് റജിസ്ട്രേഷൻ വേണ്ട. അതിനെയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. അവിടെയും ലൂസായി വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നത്തിന് ജി.എസ്.ടി ഈടാക്കാനാകില്ല.

ജി.എസ്.ടി വർധിച്ച് എന്ന് കേട്ടപ്പോൾത്തന്നെ പലരും നിയമത്തെക്കുറിച്ച് ധാരണയില്ലാതെ നികുതി ഈടാക്കുന്നുണ്ട്. അങ്ങനെ വന്നാൽ വിലക്കയറ്റം ഉണ്ടാകും. അങ്ങനെ നികുതി ഈടാക്കാനാകില്ല. നിയമത്തെ ആരും ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!