അശരണരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉപരിപഠനം; ‘വിദ്യാമൃതം’ പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

Share our post

കൊച്ചി: അശരണരായ വിദ്യാര്‍ത്ഥികളുടെ എന്‍ജിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എം.ജി.എമ്മും. ഇതിന്റെ ഭാഗമായി കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്

സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം. ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.
പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാകും. എന്‍ജിനീയറിങ്, പോളിടെക്‌നിക് കോഴ്സുകള്‍, ആര്‍ട്‌സ്& കോമെഴ്സ്, ബിരുദ- ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസി കോഴ്‌സുകള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. കൂടുതല്‍ മേഖലകളില്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടും വിധം വരും വര്‍ഷങ്ങളില്‍ പദ്ധതി വിപുലമാക്കുന്നതിനൊപ്പം വിവിധ സ്‌കോളര്‍ഷിപ്പുകളും ആവിഷ്‌കരിക്കും.

കോവിഡും പ്രകൃതിയും അനാഥമാക്കിയ കുട്ടികള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന പദ്ധതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും പരിഗണിക്കുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു. കോളേജുകളില്‍ മാനേജ്മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ്.എസ്.എല്‍. സിക്കും ലഭിച്ച മാര്‍ക്ക് അടിസ്ഥാനത്തിലായിരിക്കുംം പ്രവേശനം.

‘കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരില്‍ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ, ഞാന്‍ കൂടി ഭാഗമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ‘വിദ്യാമൃതം – 2′ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.’ – മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എറണാകുളം പാമ്പാക്കുട, മലപ്പുറം വാളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എം.ജി.എം എന്‍ജിനീയറിങ് കോളേജുകള്‍, തിരുവനന്തപുരത്തെ കിളിമാനൂര്‍, എറണാകുളം പാമ്പാക്കുട കണ്ണൂര്‍ പിലാത്തറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം. ജി.എം പോളിടെക്‌നിക് കോളേജുകള്‍ കിളിമാനൂര്‍, പാമ്പക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എം.ജി.എം ഫര്‍മസി കോളേജുകള്‍, തിരുവനന്തപുരത്തെ എം.ജി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവടങ്ങളില്‍ ഉള്ള എല്ലാ കോഴ്സുകളും ഈ പദ്ധതിയുടെ കീഴില്‍ വരുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്പത്തികമായി വിഷമിക്കുന്നവര്‍ക്കും പ്രകൃതി ക്ഷോഭത്തില്‍ ഇരകള്‍ ആയി രക്ഷിതാക്കളില്‍ ആരെങ്കിലും നഷ്ട്ടപ്പെടുകയോ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ ചെയ്തവര്‍ക്കുമാണ് പ്രധാനമായും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. ഒപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വനവാസികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ (എസ്.എഫ്.സി) അറിയിച്ചു.

പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ +917025335111, +9199464855111 എന്ന നമ്പറിലോ വിളിച്ച് വിവരങ്ങള്‍ തേടി അപേക്ഷ സമര്‍പ്പിക്കണം. പദ്ധതിയുടെ പ്രചാരണര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനര്‍ കാര്‍ഡിലുള്ള ക്യു.ആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. ലഭിക്കുന്ന അപേക്ഷകളില്‍ അപേക്ഷകരുടെ സാമ്പത്തികസ്ഥിതി സംബന്ധിച്ചുള്ള നിജസ്ഥിതി അന്വേഷിച്ചറിയാനുള്ള ഉത്തരവാദിത്തം മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ക്കായിരിക്കും

കോവിഡ് കാലത്ത് മമ്മൂട്ടി കെയര്‍ ആന്‍ഡ് ഷെയറിലൂടെ വിദ്യാമൃതം – ‘സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ച് ‘എന്ന പേരില്‍ സ്മാര്‍ട്ട് ഫോണ്‍ വിതരണം നടത്തിയിരുന്നു. അയ്യായിരത്തിലധികം കുട്ടികള്‍ക്കാണ് അന്ന് ഫോണ്‍ വിതരണം ചെയ്തത്. ഇതിന് പിന്നാലെയാണ് വിദ്യാമൃതം രണ്ടാംഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്നത്. കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭ ബാധിത ഇടങ്ങളില്‍ മെഡിക്കല്‍ സഹായമടക്കമുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം ഫൗണ്ടേഷന്‍ വഴി എത്തിച്ചിരുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!