‘കയിൽ കുത്തിയും മുന്നേറാം’; ആറളത്ത് കുടുംബശ്രീ മാതൃകയാകുന്നു

ഇരിട്ടി: കയിൽ കുത്തിയും മുന്നേറാമെന്ന വിജയകഥയാണ് ആറളം പഞ്ചായത്തും കുടുംബശ്രീയും തെളിയിക്കുന്നത്. ഭരണസമിതി അധികാരമേറ്റ് 19 മാസമെത്തുമ്പോൾ 33 പുതിയ തൊഴിൽ സംരംഭങ്ങളുടെ ഖ്യാതിയിലാണ് ആറളം കുടുംബശ്രീ. ജില്ല മിഷൻ സഹകരണത്തിലാരംഭിച്ച പുത്തൻ തൊഴിലിടങ്ങളിൽ വീട്ടമ്മമാർ അടക്കമുള്ള സ്‌ത്രീകളുടെ ആത്‌മവിശ്വാസത്തിന്റെ ചിരിയുണ്ട്. ആറളം പ്രത്യേക പദ്ധതി മുഖേന ആറളം ഫാം ആദിവാസി മേഖലയിൽ നടപ്പാക്കുന്ന വ്യത്യസ്‌ത തൊഴിൽ സംരംഭങ്ങളും വനിതമുന്നേറ്റം ഉറപ്പാക്കുന്നു. കുറ്റിയറ്റുപോവുന്ന ചിരട്ടക്കയിൽ നിർമാണം വരെ കുടുംബശ്രീ ഏറ്റെടുത്തു.
വീർപ്പാട് അഞ്ച് പേരുടെ സംരംഭമായാണ് ചിരട്ടയിൽനിന്ന് തവി അടക്കമുള്ള വ്യത്യസ്‌ത ഉൽപന്നങ്ങൾ അടുക്കളകളിൽ ആധിപത്യം നേടിത്തുടങ്ങിയത്. റോയൽ കിച്ചൺ എന്ന സന്ദേശത്തിലാണ് ചിരട്ട ഉൽപന്നങ്ങൾ സംസ്ഥാന, ജില്ല മേളകളിൽ എളുപ്പം വിറ്റഴിയുന്നത്. തെങ്ങിൽ കിനിയുന്ന കള്ള് സംഭരിക്കാനുള്ള മാട്ടം ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് അവയെത്തിച്ച് വിൽക്കുന്നതിനുള്ള സംരംഭം അമ്പലക്കണ്ടിയിലും ഇതിനകം പേരുകേട്ട ആറളം ഫാം ആദിവാസി മേഖലയിൽനിന്നുള്ള ആദികുട നിർമാണ സംരംഭത്തിന്റെ രണ്ട് യൂനിറ്റും ആറളത്തിന്റെ യശസ്സുയർത്തി. 40 പേരുണ്ട് ആദികുട യൂനിറ്റിൽ. കാരാപ്പറമ്പിൽ തയ്യൽ, എടൂരിൽ കുടുംബശ്രീ ഷീ ഷോപ്പി, കൂട്ടക്കളത്ത് കുടുംബ ശ്രീസ്‌റ്റോർ, ആദിവാസി മേഖലയിൽ എൽ.ഇ.ഡി ബൾബ് നിർമാണം എന്നീ സംരംഭങ്ങളും പ്രവർത്തിക്കുന്നു.
പേപ്പർ ബാഗ് നിർമാണം, 29 കുടുംബങ്ങളിൽ കോഴിവളർത്തൽ, ആടുഗ്രാമം പദ്ധതിയുടെ 21 യൂനിറ്റുകൾ എന്നിവയുമാരംഭിച്ചു. നബാർഡ് പദ്ധതിയിൽ ആറളം ഫാമിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളും ആറളത്തിന്റെ തൊഴിലിടങ്ങൾക്ക് കരുത്താവുന്നു. ഈയിടെ കക്കുവയിൽ ആരംഭിച്ച യന്ത്രവത്കൃത വെളിച്ചെണ്ണ ഉൽപാദന യൂനിറ്റും പഞ്ചായത്തിനും കുടുംബശ്രീക്കും അഭിമാനമായി.
ഈ വർഷം 100 യൂനിറ്റുകളാരംഭിച്ച് ചുരുങ്ങിയത് 500 പേർക്കെങ്കിലും പ്രത്യക്ഷ തൊഴിൽ നൽകാനാണ് പഞ്ചായത്തിന്റെ പരിശ്രമമെന്ന് പ്രസിഡന്റ് കെ.പി. രാജേഷ് പറഞ്ഞു. ഇതിൽ 33 എണ്ണം പ്രവർത്തനക്ഷമമായി. ബാക്കിയുള്ള യൂനിറ്റുകൾ കൂടി മാസങ്ങൾക്കകം ആരംഭിക്കും. പരിമിത തനത് വരുമാനം മാത്രമുള്ള ആറളം പഞ്ചായത്തിൽ ജനജീവിതം തൊഴിൽസംരംഭങ്ങളിലൂടെ സുരക്ഷിതമാക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. കുടുംബശ്രീയാണ് സംരംഭങ്ങളുടെ ചാലകശക്‌തിയാവുന്നത്.