താമസത്തിനും കൃഷിക്കുമായി പതിച്ചുനൽകിയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുംവിധം ഭൂപതിവ് ചട്ടം ഈ വർഷംതന്നെ ഭേദഗതി ചെയ്യും. ഇതിന് കരട് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ റവന്യൂ അഡീഷണൽ സെക്രട്ടറി, നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരടങ്ങുന്ന സമിതിയെ റവന്യൂവകുപ്പ് ചുമതലപ്പെടുത്തി. ഭേദഗതിസംബന്ധിച്ച രൂപരേഖ അഡ്വക്കേറ്റ് ജനറൽ തയ്യാറാക്കിയിരുന്നു. ഒക്ടോബറിൽ നിയമസഭാ സമ്മേളനത്തിൽ കരട് ബിൽ അവതരിപ്പിക്കാനാണ് ശ്രമം.
വീട് നിർമിക്കുന്നതിനും കൃഷിഭൂമി ഇല്ലാത്ത കർഷകർക്ക് കൃഷിചെയ്യുന്നതിനുമായാണ് സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുള്ളത്. 1964-ലെ ചട്ടത്തിലെ ചട്ടം-8 ഉപചട്ടം-2 പ്രകാരം പതിച്ചുനൽകിയ ഭൂമി പതിച്ചുകിട്ടിയ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനാവൂ. ലംഘിച്ചാൽ ഭൂപതിവ് റദ്ദാക്കാം.
പതിറ്റാണ്ടുകൾക്കുമുമ്പ് പതിച്ചുനൽകിയ ഭൂമി തലമുറകൾ കൈമാറിയോ കൈമാറ്റം ചെയ്തോ പലതും ഇപ്പോൾ പുതിയ അവകാശികളുടെ പക്കലാണ്. പലതും ചെറുതുണ്ടുകളായി, കൃഷിക്ക് അനുയോജ്യമല്ലാതായി. കർഷകകുടുംബങ്ങൾ പലതും കാർഷികവൃത്തിയിൽനിന്ന് പിന്മാറി. ചിലയിടങ്ങൾ അത്തരം ഭൂമി നഗരപരിധിയിൽ വന്നതോടെ വാണിജ്യപ്രാധാന്യമുള്ള ഭൂമിയായി മാറുകയും ചെയ്തു.
ഭൂമി പതിച്ചുനൽകിയ ഉദ്ദേശ്യത്തിനല്ലാതെ ഉപയോഗിക്കുന്നത് നിയമവിധേയമല്ലാത്തതിനാൽ നിർമാണങ്ങളും മറ്റും അനധികൃതമായി കണക്കാക്കി പൊളിച്ചുനീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകുന്നതാണ് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ നൽകാത്തതിനാൽ വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനടക്കം നിയമതടസ്സങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം.
ചട്ടഭേദഗതിക്കായി പരിഗണിക്കുന്ന വിഷയങ്ങൾ
* പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണാനുമതി
* പതിച്ചുനൽകിയ 15 സെന്റിൽ താഴെയുള്ള ഭൂമിയിൽ 1500 ചതുരശ്ര അടിക്കുമേലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥ
* തോട്ടഭൂമിയുടെ വിനിയോഗവും ക്രമപ്പെടുത്തലും
* പതിച്ചുനൽകിയ ഭൂമിയിലെ മരംമുറി
* നഗരമേഖലകളായി മാറിയ പ്രദേശങ്ങളിൽ ഭൂമിയുടെ വിനിയോഗം
* പട്ടയഭൂമിയിലെ ക്വാറിപ്രവർത്തനം
* സർക്കാർഭൂമി കൈയേറിയുള്ള നിർമാണങ്ങൾ ഏറ്റെടുത്ത് ഭൂമിയും നിർമാണങ്ങളും സർക്കാരിൽ നിക്ഷിപ്തമാക്കൽ
ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് കോട്ടംവരാതെയും ഒരുതരത്തിലും സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെയും ചട്ടം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ അടക്കം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാകും ഭേദഗതി.
കേരളത്തിൽ ഭൂമി പതിച്ചുനൽകുന്നത് 1960-ലെ ഭൂമി പതിവ് നിയമം അടിസ്ഥാനമാക്കി നിർമിച്ച വിവിധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിച്ചുനൽകാനായി ഉണ്ടാക്കിയ 1964-ലെ ചട്ടങ്ങളാണ് ആദ്യത്തേത്. 1977-നുമുമ്പ് കുടിയേറി കൃഷിചെയ്തു കൈവശംവെച്ചുവന്ന വനഭൂമി പതിച്ചുനൽകുന്നതിനായാണ് 1993-ൽ പ്രത്യേക ചട്ടങ്ങൾ കൊണ്ടുവന്നത്. നഗരപ്രദേശത്തെ ഭൂമി പതിച്ചുനൽകാനായി 1995-ൽ ചട്ടമുണ്ടാക്കി.
1964-ലെ ചട്ടപ്രകാരം പതിച്ചുനൽകുന്നത് കൃഷിക്കും താമസത്തിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും മാത്രമാണ്. 1995-ലെ ചട്ടപ്രകാരം വീട് നിർമിക്കുന്നതിനും കടമുറികൾ നിർമിക്കുന്നതിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും വാണിജ്യ-ചാരിറ്റബിൾ ആവശ്യങ്ങൾക്കും അനുമതി നൽകുന്നതിനായിരുന്നു.