ഗൂഗിള്‍ മീറ്റിലെ കൂടിക്കാഴ്ചകള്‍ ഇനി നേരിട്ട് യൂട്യൂബില്‍ സ്ട്രീം ചെയ്യാം

Share our post

ജോലിസ്ഥലങ്ങളില്‍ വീഡിയോ കോളുകള്‍ക്ക് പ്രാധാന്യം ലഭിച്ചത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ലോകവ്യാപകമായപ്പോഴാണ്. ഇന്ന് പക്ഷെ അതിന്റെ തുടര്‍ച്ചയെന്നോണം റിമോട്ട് ജോലിയും വീഡിയോ കോണ്‍ഫറന്‍സിങുമെല്ലാം ഓഫീസുകളിലെ സ്ഥിരം സമ്പ്രദായങ്ങളായി മാറിയിരിക്കുന്നു.

വീഡിയോ കോളുകള്‍ക്ക് വേണ്ടിയുള്ള സേവനമാണ് ഗൂഗിള്‍ മീറ്റ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയത്. ഇപ്പോഴിതാ ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ യൂട്യൂബില്‍ എളുപ്പം ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഗൂഗിള്‍ മീറ്റ് ലൈവ് സ്ട്രീം ചെയ്യാന്‍ നേരത്തെയുണ്ടായിരുന്ന സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഇതിലൂടെ ലഘൂകരിച്ചു. പണം നല്‍കി ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന വര്‍ക്ക്‌പ്ലേസ് അക്കൗണ്ടുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ പോലുള്ളവരാണ് അധികവും ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. വര്‍ക്ക്‌പ്ലേസിന്റെ വ്യക്തിഗത അക്കൗണ്ടുള്ളവര്‍ക്കും ചില രാജ്യങ്ങളില്‍ ഗൂഗിള്‍ വണ്‍ പ്രീമിയം പ്ലാന്‍ അംഗങ്ങള്‍ക്കും ഈ സൗകര്യം ലഭിക്കും.
സ്റ്റാര്‍ട്ടര്‍, ബേസിക്, ലഗസി, എസന്‍ഷ്യല്‍സ് പാക്കേജുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.

ഗൂഗിള്‍ മീറ്റിലെ കൂടിക്കാഴ്ചകള്‍ യൂട്യൂബ് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിന് ആദ്യം തന്നെ റിക്വസ്റ്റ് അയച്ച് യൂട്യബ് ചാനലിന് അംഗീകാരം നേടണം. അപ്രൂവല്‍ നടപടികള്‍ പൂര്‍ത്തിയാവാന്‍ 24 മണിക്കൂറെങ്കിലും എടുക്കും. ഇതിനായി ഗൂഗിള്‍ മീറ്റ് കോളിനിടെ താഴെയുള്ള ആക്റ്റിവിറ്റീസ് സെക്ഷനില്‍ ലൈവ് സ്ട്രീം ഓപ്ഷനുണ്ടാവും. ഇത് തിരഞ്ഞെടുത്ത് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി സ്ട്രീം ആരംഭിക്കാം.

മീറ്റ് എങ്ങനെ ലൈവ് സ്ട്രീം ചെയ്യാം എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗൂഗിളിന്റെ സ്‌പോര്‍ട്ട് പേജില്‍ ലഭ്യമാണ്. മറ്റ് ചില മാറ്റങ്ങളും ഗൂഗിള്‍ മീറ്റില്‍ വന്നിട്ടുണ്ട്. ഗൂഗിള്‍ മീറ്റും വീഡിയോ കോള്‍ ആപ്പായ ഡ്യുവോയും സംയോജിപ്പിക്കുകയാണെന്ന് ഗൂഗിള്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

2021 ജൂണില്‍ സ്‌കൂള്‍ ബോര്‍ഡ് മീറ്റിങ് പോലുള്ളവ യൂട്യൂബില്‍ സ്ട്രീം ചെയ്യുന്നതിനുള്ള ഫീച്ചര്‍ ടീച്ചര്‍മാര്‍ക്ക് വേണ്ടി അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കുന്നത്. വരുന്ന ആഴ്ചകളില്‍ ഇത് യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങും.

ബ്രേക്ക് ഔട്ട് റൂം ഫീച്ചറിലെ മാറ്റങ്ങള്‍, വീഡിയോ ലോക്ക് ഫീച്ചര്‍ പോലുള്ളവയും അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, ഇമോജി എന്നിവയിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!