മാലിന്യക്കൂമ്പാരമായി ചക്കരക്കല്ല് ബസ്‌സ്റ്റാൻഡ്

Share our post

ചക്കരക്കല്ല് : ചക്കരക്കല്ല് ബസ്‌സ്റ്റാൻഡിൽ നിൽക്കണമെങ്കിൽ മൂക്കുപൊത്തണം. പകർച്ചവ്യാധികളും സാംക്രമികരോഗങ്ങളും തടയാൻ ജാഗ്രതയോടെയുള്ള ശുചീകരണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ മാലിന്യം നിറയുകയാണ്. കാക്കയും തെരുവുപട്ടികളും യഥേഷ്ടം വിഹരിക്കുകയാണിവിടെ.

നിത്യവും നൂറിലേറെ ബസുകൾ വന്നുപോകുന്ന സ്റ്റാൻഡ് വിദ്യാർഥികളുൾപ്പെടെ നിരവധി യാത്രക്കാരാണ് ഉപയോഗിക്കുന്നത്. യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതിന് തൊട്ടടുത്താണ് മാലിന്യം നിറഞ്ഞിട്ടുള്ളത്. കാക്കകളും മറ്റും ഇത് കൊത്തിവലിക്കുന്നത് ഇവിടെ പതിവുകാഴ്ചയാണ്. മാലിന്യം കഴിക്കാൻ തെരുവുപട്ടികളും എത്തുന്നു. ബസ്‌തൊഴിലാളികളും മറ്റുള്ളവരും ഉച്ചഭക്ഷണം കഴിച്ച് അവശിഷ്ടം വലിച്ചെറിയുന്നതാണിവിടെ ഏറെയും. ഇതിനു പുറമെ പ്ലാസ്റ്റിക് മാലിന്യവും മദ്യക്കുപ്പികളും കെട്ടിക്കിടക്കുന്നുമുണ്ട്.

ബസ്‌സ്റ്റാൻഡിൽ ഫീസ് ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മാലിന്യമിടാൻ സൗകര്യമൊരുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. പ്ലാസ്റ്റിക്‌ ബോട്ടിലുകളിടാൻ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചുറ്റും മാലിന്യം കുമിഞ്ഞുകൂടിയതിനാൽ അവിടെ നടന്നുചെല്ലാൻ പറ്റാത്ത സ്ഥിതിയാണ്.

സ്റ്റാൻഡിൽ തൊഴിലാളികൾക്കും മറ്റുമുപയോഗിക്കാൻ വിശ്രമകേന്ദ്രം പണിയണമെന്നും മാലിന്യശേഖരണത്തിന് സൗകര്യമൊരുക്കണമെന്നും ബസ് തൊഴിലാളികൾ ആവശ്യപ്പെട്ടു. കുടുംബശ്രീ പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിക്കുന്ന സംവിധാനമുപയോഗിച്ച് സ്റ്റാൻഡിന്റെ ശുചിത്വം നിലനിർത്താൻ നടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!