25 കിലോ വരെ ആയാല്‍ ജി.എസ്.ടി കൊടുക്കണം: അരിച്ചാക്ക് ഇനി 30 കിലോയില്‍

Share our post

കോഴിക്കോട്: അരിക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ 25 കിലോ അരിച്ചാക്ക് വിപണിയില്‍നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. ഇതുസംബന്ധിച്ച് മൊത്തവ്യാപാരികള്‍ മില്ലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. 50 കിലോയുടെ ചാക്ക് ഉണ്ടെങ്കിലും അത് ചില്ലറവ്യാപാരികളാണ് വാങ്ങുന്നത്.

25 കിലോയും അതിന് താഴെയുള്ളവയ്ക്കുമാണ് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 25 കിലോയുടെ അരിച്ചാക്കാണ്. ഇതിലുള്ള വില വര്‍ധന ഒഴിവാക്കാനാണ് ഈ നീക്കം.

ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ 25 കിലോ ചാക്ക് അരിക്ക് 42 രൂപയിലധികം വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പൊതുവില്‍ എല്ലാ അരി ഇനങ്ങള്‍ക്കും മൊത്തവിപണിയില്‍ കഴിഞ്ഞ ആഴ്ചയില്‍ 2-3 രൂപ കൂടിയിട്ടുണ്ട്. ഇതിനു പുറമേ ജി.എസ്.ടി.കൂടി വന്നതോടെ വിലകയറി.

നിലവില്‍ മില്ലുടമകള്‍ ഒരുവര്‍ഷത്തേക്കുള്ള അരി പാക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഏകദേശം 40 ലക്ഷത്തോളം ചാക്കുകള്‍ ഓരോ മില്ലുകളിലുമുണ്ടാകുമെന്നാണ് കണക്ക്. ഈ സ്റ്റോക്ക് തീരുന്നമുറയ്ക്ക് പുതിയ ചാക്കുകള്‍ എത്തും.

പയര്‍വര്‍ഗങ്ങള്‍ക്കും ജി.എസ്.ടി. ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മൊത്തവ്യാപാരികളെ ഇത് ബാധിക്കില്ല. 30-50 കിലോ ചാക്കുകളിലാണ് പയര്‍വര്‍ഗങ്ങള്‍ എത്തുന്നത്. എന്നാല്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന പയര്‍വര്‍ഗങ്ങള്‍ക്ക് വിലകൂടും. പാക്കുചെയ്ത് വില്‍ക്കുന്നതിനാല്‍ ഇവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. നല്‍കേണ്ടിവരും. അതേസമയം, ചില്ലറവ്യാപാരികള്‍ കെട്ടിക്കൊടുക്കുന്ന സാധനങ്ങള്‍ക്ക് ജി.എസ്.ടി. ഇല്ലതാനും. ഈ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള പ്രതിനിധി മുസ്തഫ ഡേ മാര്‍ട്ട് പറഞ്ഞു.നിലവില്‍ പയര്‍വര്‍ഗങ്ങള്‍ക്ക് വിലവര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തവിപണിയില്‍ മൂന്നുരൂപയുടെ വില വര്‍ധിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് കനത്തപ്രഹരമാണ് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ വന്നിരിക്കുന്നത്. ഇതില്‍നിന്ന് പിന്മാറാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ദി കാലിക്കറ്റ് ഫുഡ് ഗ്രെയിന്‍സ് ആന്‍ഡ് പ്രൊവിഷന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്യാം സുന്ദറും സെക്രട്ടറി ബഷീര്‍ അഹമ്മദും ആവശ്യപ്പെട്ടു. വ്യാപാരികളുടെ ശക്തമായ പ്രതിഷേധം ജി.എസ്.ടി. കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!