വ്യാജ മെസേജിൽ നഷ്ടപ്പെടുന്നത് അക്കൗണ്ടും പണവും; ‘ചതിയാണിത്, വീഴരുത്’ – കെ.എസ്.ഇ.ബി.

Share our post

കണ്ണൂർ : നിങ്ങൾ കഴിഞ്ഞ മാസത്തെ ബിൽ അടച്ചിട്ടില്ല. അതിനാൽ ഇന്ന് രാത്രി ഒൻപതരയ്ക്ക് വൈദ്യുതി വിച്ഛേദിക്കും. നടപടി എടുക്കാതിരിക്കാൻ മെസേജിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കെ.എസ്.ഇ.ബി.യുടെ പേരിൽ വീണ്ടും എസ്.എം.എസ് തട്ടിപ്പ്. കണക്ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് മൊബൈൽ ഫോണിലെ വിവരങ്ങൾവരെ ചോർത്തുന്നു.

ഇത്തരം മെസേജിൽ ബന്ധപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് തുക നഷ്ടപ്പെട്ടു. വിവിധ പരാതികളിൽ സൈബർ സെല്ലിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും വ്യാജ മെസേജിലൂടെ ആളുകളെ പറ്റിക്കുന്നത്.
വേവലാതിയിൽ കണ്ണൂരിലെ ഒരു ഉപഭോക്താവ് മെസേജിലെ നമ്പറിൽ ബന്ധപ്പെട്ടു. തിരുവനന്തപുരത്തെ ഓഫീസിൽനിന്നാണെന്ന് മറുപടി കിട്ടി. പക്ഷേ, അവരുടെ സംസാരം ഇംഗ്ലീഷിൽ മാത്രം. സംശയംതോന്നി ഫോൺ കട്ടാക്കി. ബിൽ അടച്ചെന്ന് പറഞ്ഞവരോട് അത് സോഫ്റ്റ്‌വേറിൽ കയറിയില്ല എന്നുപറഞ്ഞാണ് തട്ടിപ്പ്. അത് സ്വയം ഉറപ്പാക്കാൻ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും ചിലരോട് ആവശ്യപ്പെട്ടു. ഒ.ടി.പി.യും മറ്റുമായി ഇൻസ്റ്റാൾ ചെയ്തവർക്കാണ് അക്കൗണ്ടിൽനിന്ന് പണം പോയത്. ചിലർക്ക് ഫോണിന്റെ സോഫ്റ്റ്‌വേർ സെറ്റിങ് മാറിയതായും പറഞ്ഞു.

കൗണ്ടറുകളുടെ പ്രവർത്തന സമയംവരെ കെ.എസ്.ഇ.ബിയിൽ പണം അടയ്ക്കാം. വൈകീട്ട് മൂന്നിനുശേഷം അടവ് മുടങ്ങിയവരുടെ വൈദ്യുതിബന്ധം ഒരുക്കലും വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

ഫോൺ വിളിച്ചോ മെസേജ് ചെയ്തോ ആരെങ്കിലും പണമടക്കാനോ ഏതെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ ചെയ്യരുത്. 1912 എന്ന കെ.എസ്.ഇ.ബി. ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കണം. ഉപഭോക്താക്കൾക്ക് മെസേജ് അയയ്ക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!