ഭിന്നശേഷി സംവരണത്തിലുള്ള റേഷൻകട നടത്താൻ ആൾമാറാട്ടം
മയ്യിൽ : ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത റേഷൻ കട ആൾമാറാട്ടത്തിലൂടെ തട്ടിയെടുക്കാൻ ശ്രമം. മയ്യിൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കടൂർ അരയിടത്തുചിറയിലെ 135-ാം നമ്പർ റേഷൻ കട നടത്തുന്നതിന് ശ്രീകണ്ഠപുരം വയക്കരയിലെ സന്തോഷാണ് ശ്രമിച്ചത്. വയക്കരയിൽ റേഷൻ കട നടത്തുന്ന ഇദ്ദേഹം ജില്ലാ സപ്ളൈ ഓഫീസിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തായത്.
നിരന്തോട് കവലയിൽ ഭിന്നശേഷിക്കാർക്കായി പുതുതായി അനുവദിക്കുന്ന റേഷൻകടയുടെ കെട്ടിടവും മറ്റും പരിശോധിക്കുന്നതിനായി തളിപ്പറമ്പ് റേഷനിങ് ഇൻസ്പെക്ടർ എത്തിയതോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. പുതിയ റേഷൻകട അനുവദിക്കുന്ന കാര്യം ആരും അറിയില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരനായ ആൾ പഞ്ചായത്തിൽ സ്ഥിരതാമസക്കാരാനാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കിയില്ല. 11 വർഷമായി റേഷൻകട നടത്തുന്ന പി. സുരേഷിനും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
ഭിന്നശേഷി സംവരണത്തിലൂടെ കടൂരിൽ റേഷൻ കട നടത്തുന്നതിനായി ഒരാളുടെ അപേക്ഷ മാത്രമാണ് ലഭിച്ചതത്രെ. ഇക്കാര്യത്തിൽ പരക്കെ സംശയമുയർന്നിട്ടുണ്ട്.
ചില ഉദ്യോഗസ്ഥരുടെ സഹായം ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നും നാട്ടുകാർ സംശയിക്കുന്നു. സംഭവത്തിൽ വിശദമായ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
