ആരാധകർക്ക് ആവേശമായി ജവഗൽ ശ്രീനാഥ്
        കണ്ണൂർ : താവക്കര ഗവ. യു.പി. സ്കൂളിൽ നിർമിച്ച സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവേദിയിൽനിന്ന് പുറത്തിറങ്ങിയ ഉടനെ കുട്ടികളും ക്രിക്കറ്റ് ആരാധകരും ജവഗൽ ശ്രീനാഥിനെ വളഞ്ഞു. മൈസൂരു സ്വദേശിയായ ഇദ്ദേഹം കണ്ണൂർ നഗരത്തിൽ ആദ്യമായാണെത്തുന്നത്. ഈ ഫാസ്റ്റ് ബൗളറുടെ കൈയൊപ്പ് വാങ്ങാനായി കുട്ടികളും ആരാധകരും തിക്കിത്തിരക്കി.
തന്റെ മുന്നിൽ നീണ്ടുവരുന്ന നോട്ട് ബുക്കുകളിലും ക്രിക്കറ്റ് ബാറ്റിലും യാതൊരു വൈമനസ്യവുമില്ലാതെ താരം സ്കെച്ച് പേനകൊണ്ട് കൈയൊപ്പ് ചാർത്തിക്കൊടുത്തു.
ഫാസ്റ്റ് ബൗളിങ്ങിൽ കപിൽദേവിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറിലേറെ വിക്കറ്റ് നേടിയ ഏക ഇന്ത്യൻ താരമെന്ന തലക്കനമൊന്നുമില്ലാതെ ഈ 53-കാരൻ ആരാധകരുടെ മുന്നിൽ വിനായാന്വിതനായി.
ചിത്രീകരിക്കാനായി സ്കൂൾ മുറ്റത്ത് പന്തെറിയണമെന്ന മാധ്യമപ്രവർത്തകരുടെ താത്പര്യത്തിനും അദ്ദേഹം വഴങ്ങി. കളിക്കാരായ ബാബു പണ്ണേരിയും രാഹുലൻ മാണിക്കോത്തും ബാറ്റ് ചെയ്തു.
1886-ൽ സ്ഥാപിച്ചതും കണ്ണൂരിലെ ഏറ്റവും പഴക്കം ചെന്നതുമായ താവക്കര ഗവ. യു.പി. സ്കൂൾ ക്ലാസ് മുറികൾ നവീകരിച്ചത് സോയ ചാരിറ്റബിൾ ട്രസ്‌റ്റാണ്. ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷമ മുഹമ്മദ് മുൻകൈയെടുത്താണ് ജവഗൽ ശ്രീനാഥിനെ ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവന്നത്.
2003-ൽ വിരമിച്ച ശ്രീനാഥിന് 315 വിക്കറ്റുകൾ സ്വന്തം. നാല് ലോകകപ്പുകളിൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ശ്രീനാഥ് അർജുന അവാർഡ് ജേതാവാണ്.
