തിമിര്‍ത്ത് പെയ്യുന്ന മഴക്കാലത്തിന്റെ അടങ്ങാത്ത ആരവത്തില്‍നിന്ന് കാടിന്റെ അതിര്‍ത്തികടന്നുവന്നവരാണ് പൂപ്പാടങ്ങള്‍ക്കരികില്‍ ധാരാളമായുള്ളത്. മലയാളനാട്ടില്‍ മഴ താണ്ഡവമാടുമ്പോഴും അധികമൊന്നും അകലെയല്ലാതെ കാട് വരച്ച അതിര്‍രേഖകള്‍ക്കപ്പുറം ഇപ്പോള്‍ സൂര്യകാന്തിപ്പൂക്കളുടെ ഉത്സവമാണ്.
നോക്കെത്താദൂരത്തോളം കൃഷിയിടങ്ങളെ തൂമഞ്ഞ ചതുരക്കളങ്ങാക്കി സൂര്യകാന്തിപ്പൂക്കള്‍ ആകാശഗോപുരങ്ങളിലേക്ക് മുഖംനോക്കുന്നു. മാനം കറുത്ത് ഇടയ്ക്കിടെ ചാറ്റല്‍മഴ വന്നുപോകുമ്പോഴും ഗുണ്ടല്‍പ്പേട്ടയിലെ കാളവണ്ടി വഴികളിലൂടെ സൂര്യകാന്തിപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ തിരക്കുകൂട്ടിയെത്തുകയാണ്.
മറുനാട്ടുകാര്‍ക്കായുള്ള പച്ചക്കറികളുടെ വിളനിലമെന്ന മേല്‍വിലാസമാണ് ഗുണ്ടല്‍പ്പേട്ടയ്ക്കുള്ളത്. ഉള്ളിമുതല്‍ കാബേജും ബീറ്റ് റൂട്ടുംവരെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നയിടം. അതിനൊപ്പം പൂക്കൃഷിയും കാലങ്ങളായി ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. സസ്യ എണ്ണയ്ക്ക് ഏറെ പ്രിയമുള്ള കര്‍ണാടകയില്‍ നല്ല രീതിയില്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന ഗുണ്ടല്‍പ്പേട്ടയിലെ കൃഷിയിടങ്ങളാണ് ഇതിനേറ്റവും പറ്റിയ ഇടം. ചുവന്ന മണ്ണ് കാളപൂട്ടി ഉഴുതുമറിച്ച് പൂവിത്തുകള്‍ വിതറിയതോടെ പുതുമഴയില്‍ നനഞ്ഞ മണ്ണില്‍ സൂര്യകാന്തി വേരാഴ്ത്തി വളര്‍ന്നു.
മാസങ്ങളുടെ കാത്തിരിപ്പില്‍ പാടംമുഴുവന്‍ സൂര്യകാന്തി വിടര്‍ന്നതോടെ കര്‍ഷക ഗ്രാമങ്ങള്‍ക്കും ഇത് പ്രതീക്ഷയുടെ പൂക്കാലമാണ്. ആഴ്ചകള്‍ക്കകം ഈ പൂവെല്ലാം വിളവെടുക്കാം. ഇവയൊന്നാകെ സണ്‍ഫ്‌ളവര്‍ ഓയില്‍ കമ്പനികള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കും. പ്രധാന പാതയോരത്തുള്ള തോട്ടങ്ങളില്‍ സൂര്യകാന്തി പാടത്തുനിന്ന് ചിത്രം പകര്‍ത്താന്‍ ഗ്രാമീണര്‍ ചെറിയൊരു തുക സഞ്ചാരികളില്‍നിന്നും ആവശ്യപ്പെടാറുണ്ട്. ഇങ്ങനെയും വരുമാനം കണ്ടെത്തും ഇവിടുത്തെ പൂക്കാലം. അടുത്ത സീസണ്‍ പിടിക്കാന്‍ ചെണ്ടുമല്ലിപൂക്കളും ഗുണ്ടല്‍പ്പേട്ടയില്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ഭാഷകളിലെ ഒട്ടനവധി ചലച്ചിത്രങ്ങള്‍ക്കും ഈ ഗ്രാമം ലൊക്കേഷനായിട്ടുണ്ട്. നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നിറങ്ങള്‍ മാറിമാറി പുതയ്ക്കുന്ന ഗുണ്ടല്‍പ്പേട്ടയിലെ ഓരോ സീസണിലെ കാഴ്ചകളും സഞ്ചാരികളുടെ മനസ്സില്‍ വര്‍ഷങ്ങളായി ഇടംതേടിയതാണ്.
പൂപ്പാടത്തേക്ക് ഉല്ലാസയാത്ര
ഗുണ്ടല്‍പ്പേട്ടയിലെ പൂപ്പാടവും ഗോപാല്‍സ്വാമി ബേട്ടയും ചേര്‍ത്തുള്ള അവധിദിനയാത്രയ്ക്കാണ് പ്രിയം. പൂപ്പാടങ്ങള്‍ കടന്ന് കോടമഞ്ഞ് പുതയുന്ന മലമുകളിലെ ഗോപാല്‍സ്വാമി ബേട്ടയിലേക്കാണ് മഴക്കാലത്തും സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് മലയുടെ താഴ്വാരത്തുനിന്ന് മുകളിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഒരാള്‍ക്ക് മടക്കയാത്രയടക്കം 60 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കുറച്ചുവര്‍ഷങ്ങളായി സ്വകാര്യവാഹനങ്ങള്‍ മുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വനംവകുപ്പ് തടഞ്ഞിട്ടുണ്ട്. മഴയും തണുപ്പും കോടമഞ്ഞുമായി നീലഗിരിയുടെ മുകളില്‍നിന്നുള്ള കാഴ്ചകള്‍ മഴക്കാലത്തും വിസ്മയകരമാണ്. ഇരുവശത്തും മഴക്കാടുകളുണ്ട്. ഉയരത്തിലെത്തുമ്പോഴും താഴ്‌വാരങ്ങളില്‍ മേഞ്ഞുനടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്‍പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്.
സദാസമയവും മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന ക്ഷേത്രം തീര്‍ഥാടകരുടെ പുണ്യഭൂമിയാണ്. കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്. മഞ്ചണ്ഡ രാജാവ് സഹോദരരായ ശത്രുക്കളില്‍നിന്ന് കുതിരപ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്. മാധവ ദണ്ഡനായകന്‍ ഇതിന്റെ വിഷമം തീര്‍ക്കാന്‍കൂടിയാണ് മലമുകളില്‍ ദൈവപ്രതിഷ്ഠ നടത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെത്തന്നെ ക്ഷേത്രമുണരും.
ദര്‍ശനത്തിനായിവരുന്ന തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍നിന്നു കാണാം. ചുട്ടുപൊള്ളുന്ന കര്‍ണാടകയിലെ കാലാവസ്ഥയില്‍നിന്ന് വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത നീലഗിരിയില്‍നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്.