കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണു; വിവാഹപാര്‍ട്ടിയുടെ ഭക്ഷണമുള്‍പ്പെടെ നശിച്ചു

മാവൂർ: ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിനോട് ചേർന്ന് 20 മീറ്ററോളം ഉയരത്തിലുള്ള ഗ്രാസിം പാർശ്വഭിത്തി ഇടിഞ്ഞുവീണു. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം. കൺവെൻഷൻ സെൻററിൽ വിവാഹ സൽക്കാരം നടക്കുന്ന സമയത്താണ് അപകടം.
കല്ലും മണ്ണും അടക്കം കൺവെൻഷൻ സെന്ററിന്റെ അടുക്കളയിലേക്ക് കുത്തിയൊഴുകി. കൺവെൻഷൻ സെന്ററിന്റെ ഡൈനിങ് ഹാളിലും ചെളിവെള്ളം കുതിച്ചെത്തി. ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു സംഭവം. അടുപ്പുകൾ അടക്കം ചളിയിൽ മൂടി. വിറകും മറ്റ് സാധനസാമഗ്രികളും നശിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ പാർശ്വഭിത്തിയിടിഞ്ഞിരുന്നു. ഈ മണ്ണ് നീക്കം ചെയ്തിരുന്നില്ല. ഇതടക്കമാണ് ഇന്നലെ അടുക്കളയിലേക്ക് കുത്തിയൊഴുകിയത്. കൺവെൻഷൻ സെന്ററിന്റെ ചുമരുകൾക്കും മതിലിനും കേടുപാട് പറ്റിയിട്ടുണ്ട്. ഗ്രാസിം ഫാക്ടറിയുടെ ക്വാർട്ടേഴ്സുകളുണ്ടായിരുന്ന ഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ സ്ഥലത്ത് എത്തി.
മണ്ണ് എത്രയും പെട്ടെന്ന് നീക്കാൻ നടപടി എടുക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. 25 മീറ്ററോളം ഉയരത്തിലുള്ള ഭിത്തിയാണ് ഇടിഞ്ഞത്. 22 മീറ്ററോളം നീളത്തിൽ ഇടിഞ്ഞിട്ടുണ്ട്. കൺവെൻഷൻ സെന്ററിന്റെ ചുമരിന് കേടുപാടുപറ്റി. നേരത്തെയും ഇതിനുസമീപത്ത് ഇടിഞ്ഞിരുന്നു. പഴയ കമ്യുണിറ്റിഹാൾ പൊളിച്ചശേഷം മണ്ണെടുത്തുതാഴ്ത്തിയാണ് കൺവെൻഷൻ സെന്റർ പണിതത്. ഇങ്ങനെ താഴ്ത്തിയത് അപകടഭീഷണിയാണെന്ന് അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാൻ നിർദേശമുണ്ടായിരുന്നെങ്കിലും ഭീമമായ സംഖ്യ ചെലവുവരുമെന്നതിനാൽ നടന്നില്ല.
അതേസമയം, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നും പ്രവചനമുണ്ട്.