കുളവയൽ തോടുപോലെ തെളിഞ്ഞൊഴുകുന്നു ഇവരുടെ ജീവിതം

Share our post

പയ്യന്നൂർ : മഴയൊന്നു ചാറിയാൽ കൂടുംകുടുക്കയും എടുത്ത് അഭയസ്ഥാനം തേടേണ്ട സ്ഥിതിയായിരുന്നു രണ്ട് കൊല്ലം മുൻപ് വരെ കുളവയൽ എസ്.സി കോളനി നിവാസികളുടേത്. ഇന്ന് മഴ തിമിർക്കുമ്പോൾ പോലും അവരുടെ മുഖത്ത് ആശങ്കയില്ല. ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിറവിലാണവർ. തൊഴിലുറപ്പ് പദ്ധതിയും ഒരു ജനതയുടെ അതിജീവനശേഷിയും ഒരുമിച്ചതിന്റെ വിജയഗാഥ പാടുന്നവർ. കാലങ്ങളായുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് അങ്ങിനെ അറുതികണ്ടവർ.

മഴ പെയ്യുന്നതോടെ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുളവയൽ തോട് കവിഞ്ഞൊഴുകും. പ്രദേശമാകെ വെള്ളം കയറും. അതോടെ ദുരിതാശ്വാസ ക്യാമ്പ് മാത്രമാവും കുളവയൽ നിവാസികൾക്കാശ്രയം. രണ്ട് വർഷം മുമ്പ് വരെ ഇതായിരുന്നു സ്ഥിതി. തോട്ടിലെ മണ്ണ് നീക്കി അരിക് കെട്ടി വൃത്തിയാക്കിയതോടെയാണ് ദുരിതം അവസാനിച്ചതെന്ന് പ്രദേശവാസിയായ വി.പി. ഷാജൻ പറഞ്ഞു. പഞ്ചായത്തിന്റെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം നാടാകെ ഒന്നിച്ചപ്പോൾ ഒരു പ്രദേശം തന്നെ സുരക്ഷിതമായൊരു മഴക്കാലത്തിന്റെ ആശ്വാസത്തിലേക്ക് വഴിമാറുകയായിരുന്നു.

ആലക്കാട് കാശിപുരത്തു നിന്ന് ഒഴുകി കവ്വായിപ്പുഴയിൽ ചേരുന്ന കുളവയൽത്തോടിന് വെറും മൂന്ന് മീറ്റർ വീതിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 15 മീറ്ററായി. ആഴവും കൂട്ടി. അമ്പതിനായിരം രൂപ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ട് തോട്ടിലെ മണ്ണ് നീക്കി. ബണ്ടു കെട്ടി. വാഹനങ്ങൾക്ക് കടന്നു പോകാവുന്ന മൺപാതയുമുണ്ട് ഇപ്പോൾ.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 89000 രൂപയുടെ പ്രവൃത്തിയാണ് നടപ്പാക്കിയത്. ഒമ്പത്, 12 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ 300 തൊഴിൽ ദിനങ്ങളിലായാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഒപ്പം നാട്ടുകാരുടെ കൂട്ടായ സഹകരണവുമുണ്ടായി. നേരത്തെ മഴക്കാലത്ത് വലിയചാൽ ഗവ.എൽ.പി സ്‌കൂളിലേക്ക് ചേക്കേറേണ്ടി വന്ന 33 കുടുംബങ്ങളുടെ ജീവിതമാണ് സുരക്ഷിതമായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!