അറവ് ശാലകൾക്കായി നിയമഭേദഗതി ചെയ്ത് തദ്ദേശ വകുപ്പ്; ദൂരപരിധി കുറച്ചു

Share our post

കണ്ണൂർ : സംസ്ഥാനത്ത് ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ് റൂൾ ഭേദഗതി ചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പ് . ആധുനിക അറവ് ശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ് റൂളിലെ നിബന്ധനകൾ തടസമായതാണ് നിയമഭേദഗതിക്ക് സർക്കാർ തയ്യാറായത്.

പഞ്ചായത്ത് രാജ് റൂൾ 1996 പ്രകാരം അറവ് ശാലകൾക്ക് വീടുകളിൽ നിന്ന് 90 മീറ്റർ ദൂരപരിധി വേണം. ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് അങ്ങിനെയുള്ള സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനങ്ങൾ ഉള്ളപ്പോൾ ഇത്രയും ദൂരപരിധി വേണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മാറ്റിയ ദൂരപരിധി 25 മീറ്ററാണ് .പല രാജ്യങ്ങളിലും നഗരമദ്ധ്യത്താണ് അറവുശാലകൾ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.

ഫീസ് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം

തദ്ദേശസ്ഥാപനങ്ങൾക്ക് അറവ് ശാലകൾ പണിയുന്നതിന് പത്രപരസ്യവും മൈക്ക് അനൗൺസ്‌മെന്റും നടത്തി പരാതി സ്വീകരിക്കണമെന്ന നിലവിലുള്ള നിബന്ധനയും ഒഴിവാക്കി. രാവിലെ മൂന്നു മണി മുതൽ 8 മണി വരെയെന്ന സമയനിബന്ധനയും മാറ്റിയിട്ടുണ്ട്. ഏത് സമയത്തും ഇതിനാൽ അറവു നടത്താനാകും. മൃഗങ്ങളെ അറക്കുന്നതിനുള്ള ഫീസ് തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം

സ്വകാര്യ അറവുശാലകളുടെ പഞ്ചായത്ത് ഫീസ് സംബന്ധിച്ചും മാറ്റം വരുത്തി. പണം അഡ്വാൻസ് ആയി നൽകണമെന്ന നിബന്ധനയും മാറ്റി.മൊത്തം ആദായത്തിന്റെ 20 ശതമാനം പഞ്ചായത്തിന് ഫീസായി നൽകണമെന്ന പഞ്ചായത്ത് രാജ് റൂളിലെ നിബന്ധനയും മാറ്റിയിട്ടുണ്ട് മുതൽ മുടക്കുന്ന സ്വകാര്യ സംരംഭകർ ലാഭത്തിന്റെ 20 ശതമാനം ഇനിമുതൽ പഞ്ചായത്തിന് നൽകേണ്ടതില്ല. കിഫ്ബി ഫണ്ട് വഴി കേരളത്തിൽ 12 അറവ് ശാലകളാണ് പണിയാൻ പോകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!