മാലിന്യക്കൂമ്പാരത്തില്‍ ദേശീയപതാക; സല്യൂട്ട് ചെയ്ത് എടുത്തുമാറ്റി പോലീസുകാരന്‍

Share our post

എറണാകുളം ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് ആദരവോടെ എടുത്തുമാറ്റിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്‌റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് നാടിനാകെ മാതൃകയായത്.

ചൊവ്വാഴ്ചയാണ് ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തിനിടയില്‍ ദേശീയപതാകയും തീരസംരക്ഷണസേനയുടെ പതാകകളും കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഉച്ചയോടെയാണ് ഹില്‍സ് പാലസ് പോലീസും ഫോര്‍ട്ട് കൊച്ചി പോലീസും സ്ഥലത്തെത്തിയത്.

ടി.കെ. അമല്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടന്‍ മാലിന്യക്കൂമ്പാരത്തില്‍ കിടന്ന ദേശീയപതാകയെ സല്യൂട്ട് ചെയ്തു. പിന്നാലെ ഓരോ പതാകയും ഭദ്രമായി മടക്കിയെടുത്ത് ആദരവോടെ പോലീസ് ജീപ്പിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കൂടി എത്തിയ ശേഷം പതാകകള്‍ മാറ്റിയാല്‍ പോരേയെന്ന് ആരോ ചോദിച്ചപ്പോള്‍, ദേശീയപതാക ഇങ്ങനെ ഇട്ടിരിക്കുന്നത് ശരിയല്ലെന്ന് അമല്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സംഭവത്തിന് പിന്നാലെ മുന്‍സൈനികോദ്യോഗസ്ഥനും സിനിമാ സംവിധായകനുമായ മേജര്‍ രവി അമലിനെ അഭിനന്ദിക്കാന്‍ സ്‌റ്റേഷനിലെത്തി. അമലിനെ പോലുള്ളവരുടെ കൈയ്യില്‍ രാജ്യം സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!