ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി തലശേരി നഗരം
തലശേരി: നഗരത്തിലെ ഇടുങ്ങിയ റോഡുകളിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ടി വരുന്നത് യാത്രികർക്ക് ശാപമായി. ദേശീയപാതയിലൂടെ സെയ്ദാർ പള്ളി മുതൽ സെന്റിനറി പാർക്ക് വരെയുള്ള രണ്ടര കി.മീ ദൂരം വാഹനമെത്താൻ മുക്കാൽ മണിക്കൂറെങ്കിലും വേണ്ടിവരും. സെയ്താർ പള്ളി വഴി ദേശീയപാതയിലൂടെ വരുന്ന ബസ്സുകൾ മിക്കതും പഴയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ മട്ടാമ്പ്രംപള്ളി വഴി മുകുന്ദമല്ലർ ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോവുകയാണ്. കുയ്യാലി റെയിൽവേ ഗേറ്റ് വഴി കൊളശ്ശേരി, വടക്കുമ്പാട്, തോട്ടുമ്മൽ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകളിൽ പലതും കൂത്തുപറമ്പ് റോഡിലൂടെ എരഞ്ഞോളി പാലം വഴിയാണ് കടന്നുപോകുന്നത്. ഇതു മൂലം സാധാരണക്കാരായ ബസ് യാത്രക്കാർക്ക് ഒന്നുകിൽ നടന്നോ, അല്ലെങ്കിൽ ഓട്ടോറിക്ഷക്കോ പോകേണ്ട അവസ്ഥയാണുള്ളത്. നഗരത്തിലുടനീളം നോ പാർക്കിംഗ് ബോർഡുകളല്ലാതെ, പാർക്കിംഗ് ഏരിയകളില്ല. വാഹനങ്ങൾ നിർത്തിയിടാനിടമില്ലാതെ, നഗരപരിധിക്കപ്പുറം ഏറെ ദൂരം മാറി വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥിതിയാണ്. മഴക്കാലമായതോടെ നഗരത്തിലൂടെയുള്ള യാത്ര നരകതുല്യമായിട്ടുണ്ട്.
കരുക്കഴിക്കാനും വഴികളുണ്ട്
- കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കൊടുവള്ളി ജംഗ്ഷനിൽ നിന്ന് കുയ്യാലി പാലം റോഡിലൂടെ സംഗമം ജംഗ്ഷൻ, ചിത്രവാണി ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് തിരിച്ചുവിടണം.
- പാനൂർ, ചൊക്ലി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ടൗൺ ബാങ്ക് ഓഡിറ്റോറിയം, ടൗൺ ഹാൾ വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് കടത്തിവിടണം.
- പ്രമുഖ വ്യാപാര കേന്ദ്രമായ ദേശീയപാതയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള കയറ്റിറക്കുമതി വാഹനത്തിരക്കേറിയ കാലത്ത് 9 മണിക്കും വൈകീട്ട് 4 മണിക്കും ഒഴിവാക്കണം.
- സെയ്താർ പള്ളി മുതൽ വാദ്ധ്യാർ പീടിക വരെ ശക്തമായ പൊലീസ് സാന്നിദ്ധ്യം ഉറപ്പ് വരുത്തണം.
- ചെറുകിട വാഹനങ്ങൾ നിലവിൽ വൺവേയായ സെയ്താർ പള്ളി, പൂവളപ്പ് തെരുവഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകാൻ അനുവദിക്കണം.
