മൂന്ന് മാസത്തിനുള്ളിൽ ജിംനേഷ്യത്തിന് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. 1963-ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട് പ്രകാരമുള്ള ലൈസൻസാണ് വേണ്ടത്. ക്ഷേത്രവും പള്ളിയും മോസ്‌കും പോലെ യുവാക്കളുടെ പുണ്യസ്ഥലമായി ജിംനേഷ്യം മാറിയിരിക്കുകയാണെന്നും ഉത്തരവിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിലയിരുത്തി.
ലൈസൻസ് ഇല്ലാതെ ജിംനേഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകണം. ലൈസൻസില്ലാത്തവർ മൂന്നു മാസത്തിനുള്ളിൽ എടുക്കണമെന്നു കാട്ടി നോട്ടീസും നൽകണം. ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കണം. സംസ്ഥാനത്ത് ഒട്ടേറെ ജിംനേഷ്യങ്ങൾ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു.
