മൈദക്ക് വിലയേറുന്നു ; പൊറോട്ടയ്ക്കും ബേക്കറി വിഭവങ്ങൾക്കും വില കൂടും
കണ്ണൂർ: മൈദക്ക് അഞ്ചുശതമാനം നികുതിയേർപ്പെടുത്തിയതോടെ ബേക്കറിവിഭവങ്ങൾക്കും പൊറോട്ടയുൾപ്പെടെയുള്ള ഹോട്ടൽ ഭക്ഷണങ്ങൾക്കും വിലകൂടാൻ സാധ്യത. ഈ മാസം പകുതിയോടെ അഞ്ചുശതമാനം ജി.എസ്.ടി. പ്രാബല്യത്തിൽ വരും.
മേയിൽ ഗോതമ്പു കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ ആട്ട, മൈദ, റവ എന്നിവയുടെയും കയറ്റുമതി നിയന്ത്രിക്കാൻ വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എഫ്.ടി.) ഉത്തരവിട്ടിട്ടുണ്ട്. 12-ന് നിലവിൽ വരും. ഗുണമേന്മയില്ലാത്ത ആട്ടയും മൈദയും കയറ്റിയയക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. അതിനാൽ, കേന്ദ്ര മന്ത്രാലയസമിതിയുടെ അനുമതി നിർബന്ധമാണ്. കയറ്റുമതി നിലയ്ക്കുന്നത് മൈദയുടെ വില കൂടുന്നതിന് കാരണമാകും.
വില കൂടി
35 രൂപയിൽനിന്ന് 38 രൂപയായി മൈദയ്ക്കു വില കൂടി. 50 കിലോ ബ്രാൻഡഡ് മൈദയ്ക്ക് 1,900 മുതൽ 2,000 രൂപ വരെ വിലവരും. ഗുണമേന്മയനുസരിച്ചു വില മാറും. ഇതിനു പുറമെയാണ് അഞ്ചുശതമാനം ജി.എസ്.ടി. വിലയിനിയും കൂടാനുള്ള സാഹചര്യം കൂടിയാകുമ്പോൾ ഇടത്തരം ഹോട്ടലുകൾക്കു താങ്ങാൻ കഴിയാതാകും.
ചെലവേറും
ദിവസം 20,000 രൂപയുടെ കച്ചവടം നടക്കുന്ന ബേക്കറിയിലോ ഹോട്ടലിലോ 5,000 രൂപയോളം മൈദയ്ക്കായി ചെലവിടേണ്ടിവരും. ആകെ കച്ചവടത്തിന്റെ 20 ശതമാനത്തോളം മൈദയ്ക്കായി മാറ്റിവെക്കേണ്ടിവരും. മറ്റു സാധനങ്ങളുടെ വിലവർധനയും വൈദ്യുതി, വെള്ളക്കരവർധനയും കെട്ടിടവാടകയും ഉൾപ്പെടെ മേഖലയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണു മൈദയുടെ വിലയും കൂടുന്നത്. വിലക്കയറ്റവും ജി.എസ്.ടി.യുംകൂടി ഏർപ്പെടുത്തിയുള്ള പുതിയനിരക്ക് വന്നാൽ ഇപ്പോഴുള്ളതിന്റെ 10 ശതമാനം വർധനയുണ്ടാകുമെന്നു വ്യാപാരികൾ പറയുന്നു.
വില കൂട്ടേണ്ടി വരും
ഹോട്ടൽ ഭക്ഷണത്തിനു വില കൂട്ടേണ്ടിവരും. പൊതുവിപണി നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. സാധനങ്ങൾക്ക് ക്ഷാമംകൂടി വന്നാൽ വൻ പ്രതിസന്ധിയുണ്ടാകും.- എസ്.കെ. നസീർ, ട്രഷറർ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ.
