ബൂസ്റ്റർ ഡോസ് ഇനി ആറുമാസം കഴിഞ്ഞ്
തിരുവനന്തപുരം : രണ്ടാം ഡോസിനുശേഷം കോവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയം കുറച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആറുമാസം അല്ലെങ്കിൽ 26 ആഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് എടുക്കണമെന്നാണ് പുതിയ നിർദേശം. നേരത്തേ ഇത് ഒമ്പതുമാസം അല്ലെങ്കിൽ 39 ആഴ്ചയായിരുന്നു.
2021 ഡിസംബർ 28നാണ് രണ്ടാം വാക്സിനേഷൻ കഴിഞ്ഞ് ഒമ്പത് മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് നിർദേശിച്ചത്. എന്നാൽ, പുതുതായി കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും ആഗോളതലത്തിലെ ആരോഗ്യ പരിപാലനരീതികളും വിലയിരുത്തിയാണ് നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്യൂണൈസേഷന് (എൻ.ടി.എ.ജി.ഐ) കീഴിലെ സ്റ്റാൻഡിങ് ടെക്നിക്കൽ സബ്കമ്മിറ്റി ബൂസ്റ്റർ ഡോസിനുള്ള സമയം പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.
ഇപ്പോൾ 60 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കുമാണ് സൗജന്യ വാക്സിൻ വിതരണമുള്ളത്. മറ്റുള്ളവർ സ്വകാര്യ കോവിഡ് വാക്സിനേഷൻ സെന്‍ററുകളെ ആശ്രയിക്കേണ്ടിവരും. പുതുതായി കോവിഡ് വാക്സിൻ ആവശ്യമുള്ളവർ കോവിൻ ആപ് സംവിധാനത്തിലൂടെ അപേക്ഷ നൽകണമെന്നും അധികൃതർ നിർദേശിച്ചു.
