പേരാവൂർ താലൂക്കാസ്പത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കൽ വൈകാൻ സാധ്യത

Share our post

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് വൈകിയേക്കും. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന് സമീപത്തെ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ താത്കാലിക സ്റ്റേയാണ് ഓക്‌സിജൻ പ്ലാന്റ് നിർമാണം തടസ്സപ്പെടുത്തിയത്.

ആസ്പത്രി ഭൂമിയുടെ അതിരുകാരായ തളയൻകണ്ടി അഹമ്മദ്കുട്ടി, തളയൻകണ്ടി റാബിയ എന്നിവരാണ് ഹൈക്കോടതിയിൽ നിന്ന് 14 ദിവസത്തേക്ക് സ്റ്റേ സമ്പാദിച്ചത്. പേരാവൂർ പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കലക്ടർ, ആസ്പത്രി സൂപ്രണ്ട് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്. ഹർജിക്കാരുടെ വസ്തുവിന് മുന്നിലുള്ള ആസ്പത്രി സ്ഥലത്തെ റോഡ് പൊളിക്കുന്നത് നിർത്തിവെക്കണമെന്നാണ് ആവശ്യം.

ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതോടെ പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കേണ്ട ഓക്‌സിജൻ പ്ലാന്റ് നിർമാണം ഇനിയും വൈകും. മാസങ്ങൾക്ക് മുൻപ് എത്തിച്ച ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിൽ അവ്യക്തത നിലനില്ന്നിരുന്നു. ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റിയും തുടർന്ന് സർവകക്ഷി യോഗവും ചേർന്ന് ധാരണയിലെത്തിയാണ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമായതും നിർമാണ പ്രവൃത്തി തുടങ്ങിയതും. എന്നാൽ, സ്വകാര്യ വ്യക്തികൾ ഇടക്കാല സ്റ്റേ സമ്പാദിച്ചതോടെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം അനിശ്ചിതത്ത്വത്തിലാണ്.

വിവിധ കോടതികളിൽ കേസുകൾ നല്കി ആസ്പത്രി വികസനം ചിലർ തടസപ്പെടുത്തുന്നതിനെതിരെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും സംഘടനകളും മൗനത്തിലാണെന്നതാണ് ശ്രദ്ധേയം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!