മുപ്പത് കഴിഞ്ഞാൽ വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന
തിരുവനന്തപുരം: ജീവിതശൈലീരോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താൻ മുപ്പതിനുമേൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ. ജീവിതശൈലീരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും. 140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങി. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു.
വൃക്കരോഗം തടയാൻ കാമ്പയിൻ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാലിസിസിന് പ്രചാരം നൽകും. ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടൻ ആരംഭിക്കും. സംസ്ഥാനത്താകെ 97 ആരോഗ്യസ്ഥാപനങ്ങളിൽ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടിനൽകി.
