എല്ലാ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും സജ്ജമായിരിക്കണം: കലക്ടർ

Share our post

കണ്ണൂർ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും സജ്ജമായിരിക്കാൻ കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. തദ്ദേശ സ്ഥാപനങ്ങൾ കൺട്രോൾ റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യം നിലവിൽ ഇല്ല. ഏതാനും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യം ഉണ്ടായാൽ ഉടൻ ക്യാമ്പുകൾ ആരംഭിക്കാൻ കഴിയുംവിധം സജ്ജമായിരിക്കണമെന്നാണ് നിർദേശം.

ജില്ലയിൽ ദേശീയപാത വികസനം നടക്കുന്ന പ്രദേശങ്ങളിലും മറ്റ് ചിലയിടങ്ങളും വെള്ളക്കെട്ട് ഉണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ അടിയന്തര നടപടികൾക്ക് ദേശീയപാത വിഭാഗം, പൊതുമരാമത്ത്‌ വകുപ്പ്‌ എന്നിവർക്ക് നിർദേശം നൽകി. റോഡരികിൽ അപകടകരമായി നിൽക്കുന്ന മരക്കൊമ്പുകൾ അടിയന്തരമായി മുറിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. പരിയാരം മെഡിക്കൽ കോളേജിന്റെ മുന്നിലെ അലക്യംതോട് കവിഞ്ഞൊഴുകുന്നത് ഒഴിവാക്കാൻ വേണ്ട നടപടി എടുക്കണം. പുളിങ്ങോം വില്ലേജിൽ ചെറിയ മണ്ണിടിച്ചിൽ റിപ്പോർട്ട്‌ ചെയ്തു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, തലശേരി സബ് കലക്ടർ അനുകുമാരി, തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ ടി.ജെ. അരുൺ, തഹസിൽദാർമാർ, തദ്ദേശ സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!