‘കിടു കിഡ്സ്’: കുട്ടികൾക്കായി യൂ-ട്യൂബ് ചാനലുമായി സി.പി.എം
തിരുവനന്തപുരം: ‘കിടു കിഡ്സ്’ എന്ന പേരിൽ കുട്ടികൾക്കായി പുതിയ യുട്യൂബ് ചാനലുമായി സി.പി.എം. കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പരിപാടികളും ചാനലിന്റെ ഭാഗമായി അവതരിപ്പിക്കും.
ജൂലൈ 24-ന് ചാനലിന് വരിക്കാരെ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത ബാലസംഘം യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെയോ വർഗബഹുജന സംഘടനകളുടെയോ നേരിട്ടുള്ള ഉടമസ്ഥതയിലല്ലാതെ സ്വതന്ത്രമായിട്ടായിരിക്കും ചാനലിന്റെ പ്രവർത്തനം. ചാനലിൽ സംപ്രേഷണം ചെയ്യാനുള്ള കുട്ടികളുടെ പരിപാടികൾ ബാലസംഘം വഴി നൽകും.
സി.പി.എം നവമാധ്യമ വിഭാഗം രൂപകൽപ്പന ചെയ്ത ചാനലിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കുട്ടികൾ അവതരിപ്പിക്കുന്ന കാവ്യാലാപനം, നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികളും ശാസ്ത്രബോധം വളർത്തുന്ന പരിപാടികളുമാണ് ചാനലിന്റെ ഉള്ളടക്കം. ബാലസംഘവും സി.പി.എമ്മിന്റെ നവമാധ്യമ വിഭാഗവും ചേർന്നാകും ചാനൽ പ്രവർത്തനം ഏകോപിപ്പിക്കുക. സങ്കീർണമായ ശാസ്ത്ര തത്വങ്ങളും ശാസ്ത്ര കൗതുകങ്ങളും ലളിതവും രസകരവുമായി അവതരിപ്പിക്കുന്ന എഴുത്തുകാരൻ പ്രൊഫ. എസ്. ശിവദാസിൻറെ പരിപാടികളും സംപ്രേഷണം ചെയ്യും.
