ഇതാ, ഉണ്ടചോറിന് നന്ദിയുള്ളാരു വിദ്യാലയം; പാചകത്തൊഴിലാളിക്ക് സ്നേഹപ്പെൻഷൻ

Share our post

കോഴിക്കോട്‌ : ഉച്ചനേരങ്ങളിൽ സ്കൂൾ വരാന്തയിലിരുന്ന് കുഞ്ഞുങ്ങൾ തിന്ന ഓരോ വറ്റിലും കുളങ്ങര വീട്ടിൽ കല്യാണിയുടെ പേരും  ചേർക്കപ്പെട്ടിരുന്നു.  അടുപ്പിലെ പുകയൂതിച്ചുവന്ന് കലങ്ങിയ കണ്ണുകൾ കവിഞ്ഞൊഴുകിയ വാത്സല്യമാണ് ഉച്ചവിശപ്പിൽ അവർക്ക് സ്നേഹരുചിയായത്. ചേരുംപടി ചേർക്കാനുള്ള വിഭവങ്ങൾക്ക് പഞ്ഞമുണ്ടായതൊന്നും അവർ  അരുമയോടെ വിളമ്പിയ കറികൾ രുചിച്ച തലമുറകൾ  അറിഞ്ഞതേയുണ്ടായിരുന്നില്ല.

34 വർഷം വെച്ചുവിളമ്പി പാചകപ്പുരയിൽനിന്ന് മടങ്ങിയ കുളങ്ങര കല്യാണിക്ക്‌ പ്രതിമാസ പെൻഷൻ നൽകിയാണ് ചെറുകുളത്തൂർ ഇ.എം.എസ് ഗവ: എൽ.പി സ്കൂൾ ‘ഉണ്ടചോറിന് നന്ദിയുണ്ടാവണമെന്ന’ ജീവിതപാഠത്തെ ചേർത്തുനിർത്തുന്നത്. ജീവിതസായന്തനത്തിൽ നിരാലാംബരാവുന്ന സ്‌കൂളിലെ പാചക തൊഴിലാളികളുടെ സങ്കടങ്ങളെ മായ്ച്ചുകളയുകയാണ് ചെറുകുളത്തൂർ മാതൃക. 

വിരമിച്ച  പ്രഥമധ്യാപകൻ ശ്രീവിശാഖനും സഹപ്രവർത്തകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളുമാണ് സവിശേഷമായ ചിന്തക്ക് പിന്നിൽ. ഇന്ത്യയിലെ ആദ്യത്തെ നേത്രദാന -അവയവദാന ഗ്രാമമാണ് പെൻഷനിലൂടെ മറ്റൊരു മാതൃക വരച്ചുവയ്‌ക്കുന്നത്. 

73 വയസ്സുള്ള കുളങ്ങര വീട്ടിൽ കല്യാണി രണ്ടുവർഷം മുമ്പാണ്‌ പ്രായാധിക്യത്തെ തുടർന്ന്‌ പാചകപ്പുര വിട്ടത്‌. രണ്ടുവർഷത്തെ  കുടിശ്ശിക പെൻഷൻ ഉൾപ്പെടെയാണ് ബുധനാഴ്‌ച മുൻ ധനമന്ത്രി തോമസ്‌ ഐസക്‌ കൈമാറുക. എല്ലാമാസവും ഇനി 500 രൂപ ഇവരുടെ അക്കൗണ്ടിലെത്തും.

സ്കൂൾ പാചക തൊഴിലാളികൾക്ക് ക്ഷേമനിധിയോ മറ്റു ആനൂകൂല്യങ്ങളോ നിലവിലില്ല.  വാർധക്യപെൻഷനൊപ്പം സ്കൂൾ പെൻഷനും ലഭിക്കുന്നതോടെ വയസ്സുകാലത്ത് അല്ലലില്ലാതെ കഴിഞ്ഞുകൂടാമെന്ന് കല്യാണിഅമ്മ പറയുന്നു. എന്റെ മക്കളുടെ അന്ന വിചാരമാണതെന്ന് അവർ ആനന്ദക്കണ്ണീരണിയുന്നു.

ശ്രീവിശാഖൻ  വിരമിക്കൽ  ആനുകൂല്യത്തിലെ ഒരു വിഹിതം പെൻഷൻ പദ്ധതിക്ക്‌ നൽകി. കൂടാതെ സഹപ്രവർത്തകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും സമാഹരിച്ച  തുകയും ചേർത്ത്‌ സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. സ്‌കൂളിലെ ഭാവിയിലെ എല്ലാ പാചകത്തൊഴിലാളിക്കും 60 വയസ്സിനുശേഷം ഈ തുക ഉപകരിക്കും.  ബാങ്ക്‌ നൽകുന്ന പലിശയാണ് മാസം തോറും പെൻഷനായി നൽകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!