പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും

Share our post

പാലക്കാട്: പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും ആണ്‍ കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേയാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.

പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ഹേമലത പറഞ്ഞു.

സംസ്‌കരിച്ചിരുന്നെങ്കിലും, പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പോലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ജൂണ്‍ 29-നാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് പ്രസവമുറിയിലേക്ക് കൊണ്ടുപോകുന്നത്.

പ്രസവം വൈകിയതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കിയെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയര്‍ മാനേജര്‍ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!