ചെറുപുഴ തിരുമേനി തോട്ടിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
        ചെറുപുഴ : ഞായറാഴ്ച ഉച്ചയോടെ കാണാതായ വയോധികയുടെ മൃതദേഹം തിരുമേനി തോട്ടിൽ പ്രാപ്പൊയിൽ ഭാഗത്ത് നിന്നും കണ്ടെത്തി. തിരുമേനി കോക്കടവിലെ മൂന്നു വീട്ടിൽ തമ്പായി (65) നെ ഞായറാഴ്ച 12 മുതൽ കാണാതായിരുന്നു. കാൻസർ രോഗിയായിരുന്ന ഇവർ ഞായറാഴ്ച ഉച്ചയോടെ പച്ചമരുന്ന് ശേഖരിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതായിരുന്നു. വൈകുന്നേരം അഞ്ചോടെയാണ് കാണാതായതായി വീട്ടുകാരും നാട്ടുകാരും അറിയുന്നത്. തിരുമേനി തോടിൻ്റെ കരയിൽ കോക്കടവ് ഭാഗത്ത് കുളിക്കടവിൽ നിന്ന് ഇവരുടെ ചെരിപ്പ് കണ്ടെത്തി. തുടർന്ന് നാട്ടുകാരും പെരിങ്ങോം അഗ്നി രക്ഷാ സേനയും ചെറുപുഴ പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയിൽ തോട്ടിൽ കുത്തൊഴുക്കാണ്. രാത്രി നിർത്തി വെച്ചതിരച്ചിൽ തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചു. ഇവരുടെ ചെരിപ്പ് കാണപ്പെട്ട കോക്കടവിലെ കുളിക്കടവിൽ നിന്നും രണ്ട് കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഭർത്താവ് രാഘവൻ. മകൻ: അനിൽകുമാർ. മരുമകൾ: രമ്യ. മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.
