ഇന്റേണൽ പരീക്ഷ: പരാതി പരിഹരിക്കാൻ ത്രിതല സംവിധാനം
തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷാ, മൂല്യനിർണയരീതികളിൽ മാറ്റം നിർദേശിക്കുന്ന പരീക്ഷാ പരിഷ്കരണ കമ്മിഷൻ പരാതികൾ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ശുപാർശ നൽകി. ഇന്റേണൽ പരീക്ഷകളുടെ അനുപാതം 20 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയരുന്നതോടെ കുട്ടികളിൽനിന്ന് കൂടുതൽ പരാതികൾക്ക് സാധ്യതയുണ്ടെന്നത് മുന്നിൽക്കണ്ടാണിത്. സെമസ്റ്റർ പരീക്ഷാ പ്രഖ്യാപനത്തിന് രണ്ടാഴ്ച മുമ്പുതന്നെ ഇന്റേണൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനും ശുപാർശചെയ്തിട്ടുണ്ട്.
ഇന്റേണൽ അസസ്‌മെന്റുമായി ബന്ധപ്പെട്ട് ഏതു തരത്തിലുള്ള പരാതിയും പരിഹരിക്കാൻ സർവകലാശാലകൾ ഒരു ത്രിതല സംവിധാനമാണ് ആവിഷ്കരിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പ് മേധാവി, സീനിയർ അധ്യാപകൻ, ഫാക്കൽറ്റി സ്റ്റുഡന്റ് അഡ്വൈസർ എന്നിവരടങ്ങുന്ന സംവിധാനമാണ് ഒന്നാമത്തെ തലത്തിൽ. രണ്ടാമത്തെ തലത്തിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി, കോളേജ് തല സ്റ്റുഡന്റ് അഡ്വൈസർ, കോളേജ് യൂണിയൻ അധ്യക്ഷൻ അല്ലെങ്കിൽ വിദ്യാർഥി പ്രതിനിധി എന്നിവരടങ്ങുന്നതാണ് രണ്ടാമത്തെ തലം.
ഇന്റേണൽ അസസ്‌മെന്റ് സംബന്ധിച്ച് വിദ്യാർഥിയിൽനിന്ന് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ പത്തു ദിവസത്തിനുള്ളിൽ പരിഗണിച്ച് തീരുമാനമുണ്ടാക്കണം. മൂന്നു തലത്തിലും എത്തുന്ന പരാതിയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി അവ പരിഹരിക്കപ്പെടണമെന്നും ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
