അതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്ന പരിശോധനാഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഏഴോളം കാട്ടുപന്നികളാണ് ചത്തനിലയിൽ കാണപ്പെട്ടത്. പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആന്ത്രാക്സിനെക്കുറിച്ചും രോഗതീവ്രതയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പരിശോധിക്കാം.
കന്നുകാലികളെ ബാധിക്കുന്ന മാരക രോഗമാണ് ആന്ത്രാക്‌സ് അഥവാ അടപ്പൻ. ‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ടാണ് ഈ രോഗം കണ്ടുവരുന്നത്. അതുകൊണ്ടാണ് ഇതിനെ ‘സ്‌പൊറാഡിക് ഡിസീസ്’ എന്ന് പറയുന്നത്. മനുഷ്യർ, കുതിര, പന്നി, ആട്, ആന എന്നിവയിൽ ആന്ത്രാക്‌സ് കണ്ടുവരുന്നു.
വായുസമ്പർക്കമുണ്ടാവുമ്പോൾ ആന്ത്രാക്‌സ് അണുക്കൾ സ്‌പോറുകളായി രൂപാന്തരപ്പെടുകയും ശക്തി നശിക്കാതെ ദീർഘകാലം മണ്ണിൽ കഴിയുകയും ചെയ്യുന്നു. വെയിലും മഴയും അണുനാശിനികളും ഈ സ്‌പോറിനെ നശിപ്പിക്കുകയില്ല. കന്നുകാലികളുടെ ശരീരത്തിൽ കടന്നുകൂടുമ്പോൾ സ്‌പോറുകൾ പഴയ രീതിയിൽ പ്രവർത്തനനിരതമാവുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു.
ആഹാരം, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മുറിവ് എന്നിവവഴിയാണ് രോഗാണുക്കൾ ശരീരത്തിൽ കടക്കുന്നത്. രോഗബാധിതമായ മൃഗത്തിൽനിന്ന് രക്തം കുടിക്കുന്ന പ്രാണികൾ മറ്റുള്ളവയിലേക്ക് രോഗം പരത്തുന്നു.
ആഹാരത്തിൽകൂടിയും മറ്റും ഉള്ളിൽകടക്കുന്ന സ്‌പോറുകൾ വായിലോ അന്നനാളത്തിലോ ഉള്ള ചെറിയ മുറിവുകൾവഴി രക്തത്തിൽ പ്രവേശിക്കുന്നു. ഈ അണുക്കൾ വളരെ പെട്ടെന്ന് വർധിക്കുകയും എല്ലാ അവയവങ്ങളിലും കടന്നുകൂടുകയും ചെയ്യുന്നു. അണുക്കൾ ഉത്പാദിപ്പിക്കുന്ന മാരകമായ വിഷവും രക്തത്തിൽ കടക്കുന്നു. ഈ അവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ആഘാതവും മൂത്രാശയത്തകരാറുംമൂലം രോഗം ബാധിച്ച ജീവി ചാകുന്നു.
രോഗലക്ഷണങ്ങൾ കണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൃഗം മരണമടയുന്നു. പനി, ശ്വാസംമുട്ടൽ, വിറയൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. കണ്ണുകൾ ചുവന്ന് തുടുക്കുന്നു. നാസാദ്വാരങ്ങളിൽ നിന്ന് നീരൊലിപ്പുണ്ടാകും. വയർ സ്തംഭനവും കാണപ്പെടും. ഗർഭമുള്ളവയിൽ ഗർഭം അലസൽ സാധാരണയാണ്. പാലിന് ചുവപ്പുനിറമോ കടുംമഞ്ഞ നിറമോ ഉണ്ടായിരിക്കും. മൂത്രത്തിലും ചോരകലർന്നതായി കാണാം. ചത്തുകഴിഞ്ഞാൽ വായ, മൂക്ക്, ജനനേന്ദ്രിയം, മലദ്വാരം എന്നിവയിൽക്കൂടി കട്ടപിടിക്കാത്ത കറുപ്പ് കലർന്ന രക്തം പുറത്തേക്ക് പോകും.
ആന്ത്രാക്സ് രോഗംബാധിച്ച പശുവിന്റെ പാൽ ഉപയോഗിക്കരുത്. ഈ രോഗംമൂലം ചത്തുപോയ കന്നുകാലികളുടെ മൃതദേഹം ഒരിക്കലും മുറിക്കാൻ പാടില്ല. മുറിക്കുമ്പോൾ വൻതോതിൽ രോഗാണുക്കൾ പുറത്തുവരികയും രോഗസംക്രമണത്തിന് കാരണമാവുകയും ചെയ്യും. ഇത്തരം മൃഗങ്ങളുടെ മാംസം യാതൊരുകാരണവശാലും ഭക്ഷിക്കരുത്. ശവശരീരവും മറ്റ് വിസർജ്യവസ്തുക്കളും തീയിട്ട് നശിപ്പിക്കുകയോ ആറടിയെങ്കിലും ആഴമുള്ള കുഴിയിൽ കുമ്മായമിട്ടശേഷം കുഴിച്ചുമൂടുകയോ ചെയ്യണം.
മനുഷ്യരിൽ ഈ രോഗം ‘വൂൾ സോർട്ടേഴ്‌സ് രോഗം’ എന്ന് അറിയപ്പെടുന്നു. മുഖം, കൈ, ശ്വാസകോശം, തലച്ചോർ, കുടൽ എന്നിവിടങ്ങളിൽ ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം.