ഡ്രൈവിങ്ങ് സ്‌കൂളിന് ഒരേക്കർ സ്ഥലം വേണം; എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളിൽ തന്നെ

Share our post

ഡ്രൈവിങ് സ്‌കൂളുകളുടെ രൂപവും ഭാവവും മാറും. ഇനി ആര്‍ക്കും പെട്ടെന്ന് ഇവ തുടങ്ങാനാകില്ല. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍, ചെറിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ രീതിയിലേക്ക് മാറും. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സിന് ആര്‍.ടി.ഓഫീസുകളില്‍ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളുകള്‍തന്നെ നടത്തും.

ചുളുവില്‍ ലൈസന്‍സ് കിട്ടുകയുമില്ല. കര്‍ശന നിബന്ധനകളാണ് വരുന്നത്. മാറ്റങ്ങള്‍ ജൂലായ് മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഡ്രൈവിങ് സ്‌കൂളുകളെ രണ്ട് കാറ്റഗറിയായി തിരിക്കും. കുറഞ്ഞത് ഒരേക്കര്‍ സ്ഥലവും അനുബന്ധ സൗകര്യങ്ങളുമുള്ളവര്‍ക്കേ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ പരിശീലനം നല്‍കാന്‍ കഴിയൂ. വാണിജ്യവാഹനങ്ങളുടെ സ്‌കൂളാണെങ്കില്‍ സ്ഥലവും സൗകര്യങ്ങളും കൂടുതല്‍ വേണം. പരിശീലകര്‍ക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ഡ്രൈവിങ് ലൈസന്‍സിലും മാറ്റങ്ങളുണ്ട്. ലൈസന്‍സ് രണ്ടുതരമായി തിരിക്കും. ടാക്‌സി വാഹനങ്ങളും മറ്റും ഓടിക്കുന്നവര്‍ക്ക് വാണിജ്യ ലൈസന്‍സാണ് നല്‍കുക; സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് വ്യക്തിഗത ലൈസന്‍സും. രേഖകള്‍ നല്‍കി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ലൈസന്‍സ് നേടാന്‍ പാഠ്യപദ്ധതിയും ഗതാഗത മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ടുഭാഗമുണ്ട്.

ലൈറ്റ് മോട്ടോര്‍ വെഹിക്കിളിനുള്ള എല്‍.എം.വി. കോഴ്സിന്റെ പഠനദൈര്‍ഘ്യം നാലാഴ്ച. 29 മണിക്കൂര്‍ തിയറിയും പഠിക്കണം. വാണിജ്യലൈസന്‍സിനായി ആറാഴ്ചയില്‍ 38 മണിക്കൂര്‍ പഠിക്കണം. 31 മണിക്കൂര്‍ പ്രാക്ടിക്കലും ഏഴുമണിക്കൂര്‍ തിയറിയുമാണ്. പരിശീലനകേന്ദ്രത്തില്‍ ബയോമെട്രിക് സംവിധാനങ്ങള്‍ വേണം. ഡ്രൈവിങ് സ്‌കൂളുകളുടെ പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കേ ലൈസന്‍സ് ലഭിക്കൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!