യാത്രക്കാർക്കായി വഴിയരികിൽ ‘ടേക് എ ബ്രേക്ക്’
മട്ടന്നൂർ : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടം ഒരുങ്ങുന്നു. കൂടാളി-ചാലോട് റോഡിൽ കൊയ്യോടൻ ചാലിലാണ് ‘ടേക്ക് എ ബ്രേക്ക്’ വരുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ അവസാന ഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ജലസേചന വകുപ്പ് വിട്ട് നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒറ്റ നില കെട്ടിടമാണ് നിർമ്മിച്ചത്. നാല് ശുചിമുറിയും ഒരു മൂത്രപ്പുര ബ്ലോക്കുമാണ് സജ്ജീകരിച്ചത്. ശുചിമുറികളിൽ ഒരെണ്ണം ഭിന്നശേഷി സൗഹൃദമാണ്. ഇതോടൊപ്പം ഇവിടെ കഫ്‌റ്റേരിയയും ആരംഭിക്കും. കണ്ണൂർ വിമാനത്താവളത്തോടു ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും മറ്റുള്ളവർക്കും ഈ സൗകര്യം ഒരു പോലെ ഉപകാരപ്പെടും. പ്രവൃത്തി പൂർത്തിയാക്കി ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടം ഉടൻ നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഷൈമ പറഞ്ഞു.